സംസ്ഥാനത്ത് ഭരിക്കുന്നത് സംഘപരിവാർ ബി ടീമാണെന്നും കൊലിബി സഖ്യകാലം മുതൽ പ്രകടമായ ബി.ജെ.പി. – യു.ഡി.എഫ്. കൂട്ടുകെട്ടാണ് നിലവിലുള്ളതെന്നും സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മോഡിയും ഇ.ഡി.യും വി.ഡി. സതീശനും ചേർന്ന പുതിയ സഖ്യമാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. രാജ്യത്താകെ പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ബി.ജെ.പി. നിലപാടിന് യു.ഡി.എഫ്. പിന്തുണ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ മന്ത്രി മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള ഇ.ഡി.യുടെ രാഷ്ട്രീയ വേട്ടയ്ക്കാണ് യു.ഡി.എഫ്. കുടപിടിക്കുന്നത്. അതുകൊണ്ടാണ് ഇ.ഡി.യുടെ കത്തിൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഡി.ജി.പിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഭീഷണിപ്പെടുത്തിയാണ് ഇ.ഡി. കേസിൽ പല മൊഴികളും രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
നിലവിലെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ മുൻപ് പണം വാങ്ങിയതായി സമ്മതിച്ചിട്ടുണ്ടെന്നും എന്തിനാണ് പണം വാങ്ങിയതെന്ന് അവർ വ്യക്തമാക്കണമെന്നും സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. അക്കൗണ്ട് വഴി മാത്രമേ പണം സ്വീകരിക്കാവൂ എന്ന നിയമം ലംഘിച്ച ഇവർ തിരഞ്ഞെടുപ്പ് കണക്കുകളിൽ ഇത് എങ്ങനെ ഉൾപ്പെടുത്തിയെന്ന് വ്യക്തമാക്കണം. കെ.എം. ഷാജി മന്ത്രിയുടെ ആഡംബര വാഹനം മോട്ടോർ വെഹിക്കിൾ ആക്ടിന്റെ ലംഘനമാണെന്നും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ വലിയ അഴിമതികൾക്കാണ് പിന്തുണ നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയെയും എം.വി. ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. വിമാനത്തിൽ യാത്ര ചെയ്യുന്നത് തെറ്റല്ലെങ്കിലും ഈ യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകണം. ആരുടെയെങ്കിലും സൗജന്യത്തിൽ യാത്ര ചെയ്യുന്നത് സത്യപ്രതിജ്ഞാ ലംഘനവും നിയമലംഘനവുമാണ്. മുൻപ് ഹെലികോപ്റ്റർ യാത്രയെ ധൂർത്ത് എന്ന് വിമർശിച്ചവരാണ് ഇപ്പോൾ അഴിമതിയുടെ വഴിയിലൂടെ സഞ്ചരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sangh Parivar B-Team Ruling Kerala; MV Govindan Accuses Government of Supporting ED Action Against Pinarayi













