
വാഷിംഗ്ടൺ: മുഖ്യധാരാ മാധ്യമങ്ങളുമായുള്ള കടുത്ത തർക്കങ്ങൾക്കൊടുവിൽ സ്വന്തമായി 24 മണിക്കൂർ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “ട്രംപ് ടിവി: ദി എസൻഷ്യൽസ് സ്റ്റേഷൻ” എന്ന പേരിലുള്ള ചാനൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ വൈറ്റ് ഹൗസ് തത്സമയം സംപ്രേഷണം ആരംഭിച്ചു. ട്രംപിന്റെ പ്രസംഗങ്ങൾ, ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങളും അറിയിപ്പുകളും, മുൻകാല പരിപാടികൾ എന്നിവയടങ്ങുന്ന ഔദ്യോഗിക ദൃശ്യങ്ങളാണ് ഈ ചാനലിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. മാധ്യമങ്ങൾക്ക് ബദലായി പ്രസിഡന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരിട്ട് പങ്കുവെക്കാനുള്ള ഔദ്യോഗിക മാർഗ്ഗമായാണ് വൈറ്റ് ഹൗസ് ഇതിനെ വിശേഷിപ്പിക്കുന്നത്.
പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസ് വാർത്താ സമ്മേളനങ്ങളിൽ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് മാധ്യമങ്ങൾ കവറേജ് ബഹിഷ്കരിച്ച പശ്ചാത്തലത്തിലാണ് ഈ അടിയന്തിര നീക്കം. തങ്ങൾക്കെതിരെ വ്യാജവാർത്തകളും അസത്യങ്ങളും പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. തിങ്കളാഴ്ചയും അദ്ദേഹം തന്റെ തീരുമാനത്തെ ന്യായീകരിച്ചു.
വൈറ്റ് ഹൗസിൽ നിന്നും വിലക്കേർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ അന്താരാഷ്ട്ര മാധ്യമങ്ങൾ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്. വൈറ്റ് ഹൗസ് പ്രവേശനം അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങൾ വാഷിംഗ്ടൺ ഡിസിയിലെ ഫെഡറൽ കോടതിയെ സമീപിച്ചു. ഹർജിയിൽ ബുധനാഴ്ച കോടതി വാദം കേൾക്കും. മാധ്യമങ്ങളുടെ റിപ്പോർട്ടിംഗ് ശൈലി നോക്കി ആർക്കൊക്കെ അനുമതി നൽകണമെന്ന് തീരുമാനിക്കാൻ ഭരണകൂടത്തിന് അവകാശമില്ലെന്ന് മാധ്യമങ്ങൾ വ്യക്തമാക്കി.
ട്രംപിന്റെ മാധ്യമ വിലക്കിൽ പ്രതിഷേധിച്ച് വൈറ്റ് ഹൗസ് ടെലിവിഷൻ പൂളിൽ നിന്നും പ്രമുഖ ചാനലുകൾ ഒന്നടങ്കം പിന്മാറി. നിശ്ചയിക്കപ്പെട്ട ഡ്യൂട്ടി ചെയ്യുന്നതിൽ നിന്ന് സിഎൻഎന്നിനെ തടഞ്ഞതിനെ തുടർന്ന് എബിസി, സിബിഎസ്, ഫോക്സ് ന്യൂസ്, എൻബിസി എന്നീ ചാനലുകളാണ് പ്രസിഡന്റിന്റെ ഔദ്യോഗിക പരിപാടികളുടെ കവറേജ് താൽക്കാലികമായി നിർത്തിവെച്ചത്. നിലവിലെ സാഹചര്യത്തിൽ ബദൽ സംവിധാനങ്ങൾ ഒരുക്കില്ലെന്ന് ചാനലുകളുടെ സംയുക്ത സമിതി അറിയിച്ചു. ദ ന്യൂയോർക്ക് ടൈംസും മാധ്യമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ സർക്കാരിനെക്കുറിച്ച് കൃത്യവും സ്വതന്ത്രവുമായ വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്ന് ചാനലുകൾ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Trump’s alternative channel to ‘shut down’ the media; White House launches ‘Trump TV’













