
ന്യൂയോർക്ക്: സിഎൻഎൻ, എംഎസ് നൗ , പൊളിറ്റിക്കോ തുടങ്ങിയ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മേയർ തന്റെ നിലപാട് വ്യക്തമാക്കിയത്. തിങ്കളാഴ്ച നടക്കുന്ന നഗരത്തിലെ പരിപാടികളിൽ മാധ്യമങ്ങൾക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടാകില്ലെന്നും അദ്ദേഹം പ്രസിഡന്റിന് മുന്നറിയിപ്പ് നൽകി.
സ്വതന്ത്ര പത്രപ്രവർത്തനത്തിലാണ് താൻ വിശ്വസിക്കുന്നതെന്നും, വിമർശനങ്ങളെയും പ്രശംസകളെയും ഒരേപോലെ കണ്ട് എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് പ്രധാനമാണെന്നും സിഎൻഎൻ പ്രതിനിധി ക്രിസ്റ്റ്യൻ അമൻപൂറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മംദാനി വ്യക്തമാക്കി. തന്റെ ഭരണത്തിന് കീഴിൽ എല്ലാ മാധ്യമങ്ങൾക്കും തുല്യ സ്വാതന്ത്ര്യമുണ്ടാകുമെന്നും ജനാധിപത്യത്തിന്റെ നാലാം തൂണിന് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ നിരന്തരം വിമർശിക്കുന്ന മാധ്യമങ്ങളോട് പോലും താൻ എപ്പോഴും സഹകരിക്കാറുണ്ടെന്ന് മേയർ ചൂണ്ടിക്കാട്ടി. ആഴ്ചയിൽ ഭൂരിഭാഗം ദിവസങ്ങളിലും ‘ന്യൂയോർക്ക് പോസ്റ്റ്’ പത്രത്തിന്റെ മുഖചിത്രത്തിൽ വരുന്നത് തന്റെ വിമർശനങ്ങളാണെങ്കിൽ പോലും, അവരുടെ ചോദ്യങ്ങളെ താൻ നേരിടാറുണ്ട്. ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുക എന്നതാണ് ന്യൂയോർക്ക് രാഷ്ട്രീയത്തിന്റെ ശൈലിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദിവസേനയെന്നോണം വാർത്താസമ്മേളനങ്ങൾ നടത്താറുള്ള മേയർ, ചില പരിപാടികളിൽ സുരക്ഷാ-ക്രമീകരണ മുൻഗണനകൾ കണക്കിലെടുത്ത് ക്ഷണിക്കപ്പെട്ട മാധ്യമങ്ങൾക്കും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ഉൾപ്പെടുന്ന ‘ന്യൂ മീഡിയ’യ്ക്കും പ്രത്യേക അവസരങ്ങൾ നൽകാറുണ്ട്.
New York Mayor opposes Trump’s media ban; asserts that restrictions cannot be imposed on independent journalism.














