
വാഷിംഗ്ടൺ: ഇറാനിയൻ തുറമുഖങ്ങളിലെ അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പലിന് നേരെ യു.എസ് നാവികസേന മിസൈലാക്രമണം നടത്തി. ഒമാൻ ഉൾക്കടലിൽ വെച്ച് പനാമയുടെ പതാക ഘടിപ്പിച്ച ‘എം/വി വേല നോവ’ എന്ന കപ്പലിന് നേരെയാണ് യു.എസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയത്. യു.എസ് നാവികസേനയുടെ എംഎച്ച്-60 ഹെലികോപ്റ്ററിൽ നിന്നും രണ്ട് ഹെൽഫയർ മിസൈലുകൾ കപ്പലിൻ്റെ എൻജിൻ റൂമിലേക്ക് തൊടുക്കുകയായിരുന്നു.
യു.എസ് സേന നൽകിയ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ കപ്പലിലെ സാധാരണക്കാരായ ജീവനക്കാർ അവഗണിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. മിസൈലാക്രമണത്തിൽ തകർന്ന കപ്പലിൻ്റെ യാത്ര പൂർണ്ണമായും തടസ്സപ്പെട്ടു. ഉപരോധം ലംഘിച്ചുള്ള കപ്പലിൻ്റെ ഇറാൻ യാത്ര അവസാനിപ്പിച്ചതായും, മേഖലയിൽ യു.എസ് ഉപരോധം ശക്തമായി തുടരുമെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.
കഴിഞ്ഞ ജൂലൈയിൽ ഇറാനെതിരെയുള്ള ഉപരോധം പുനരാരംഭിച്ചതിന് ശേഷം യു.എസ് സേന തകർക്കുന്ന മൂന്നാമത്തെ കപ്പലാണിത്. ഉപരോധം ലംഘിക്കാൻ ശ്രമിച്ച മറ്റ് രണ്ട് കപ്പലുകൾ യു.എസ് സേന ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ നിയമം ലംഘിച്ചെത്തിയ 55 കപ്പലുകൾ താക്കീത് നൽകി മറ്റ് വഴികളിലേക്ക് തിരിച്ചുവിട്ടതായും യു.എസ് വൃത്തങ്ങൾ വ്യക്തമാക്കി.
US tightens Iran sanctions; US missile strikes ship off Oman coast, destroys cargo ship















