പാനമ കനാലിൽ കടുത്ത ജലക്ഷാമം; കപ്പൽ ഗതാഗതത്തിന് നിയന്ത്രണം, പ്രതിസന്ധിയിൽ ആഗോള ചരക്കുനീക്കം

കടുത്ത ജലക്ഷാമത്തെ തുടർന്ന് പാനമ കനാലിൽ കപ്പൽ ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയത് ആഗോള സമുദ്രവ്യാപാരത്തെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ജലനിരപ്പ് താഴുന്നത് ഒഴിവാക്കാൻ പ്രതിദിനം കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം കുറയ്ക്കാനും കപ്പലുകളുടെ ആഴപരിധി ക്രമീകരിക്കാനും കനാൽ അതോറിറ്റി തീരുമാനിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യാതെ എത്തുന്ന കപ്പലുകളുടെ കാത്തിരിപ്പ് സമയം മൂന്നാഴ്ചയോളം നീളുന്നതോടെ വേഗത്തിൽ കടന്നുപോകാൻ നിർബന്ധിതരായ കപ്പലുടമകൾ കോടികളുടെ ലേലത്തുകയാണ് ചെലവഴിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ‘ജി. അരേറ്റ’ എന്ന എൽ.പി.ജി ടാങ്കർ കനാൽ കടക്കാനുള്ള മുൻഗണനയ്ക്കായി മാത്രം 46 ലക്ഷം ഡോളറാണ് ലേലത്തിൽ നൽകിയത്.

പസഫിക് സമുദ്രത്തിലെ ‘എൽ നിനോ’ പ്രതിഭാസം മൂലം മേഖലയിലുണ്ടായ കടുത്ത വരൾച്ചയും മഴക്കുറവുമാണ് കനാലിലെ ജലക്ഷാമത്തിന് കാരണം. കനാലിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 34 ശതമാനം കുറഞ്ഞതോടെ ജലമെത്തിക്കുന്ന ഗാറ്റൂൺ, അലജുല തടാകങ്ങളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നു. പൂർണമായും ശുദ്ധജലം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ‘ലോക്ക് കനാൽ’ ആയതിനാൽ ഓരോ കപ്പൽ കടന്നുപോകുമ്പോഴും വലിയതോതിൽ വെള്ളം നഷ്ടപ്പെടുന്നുണ്ട്. ഇതിനുപുറമേ പ്രാദേശിക വനനശീകരണവും ജനങ്ങളുടെ കുടിവെള്ള ആവശ്യവും ഒരേ ജലസ്രോതസ്സിനെ ആശ്രയിക്കുന്നതും പ്രതിസന്ധിയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.

ചെങ്കടലിലെയും ഹോർമുസ് കടലിടുക്കിലെയും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മൂലം സൂയസ് കനാൽ ഉൾപ്പെടെയുള്ള മറ്റ് പ്രധാന പാതകളിൽ തടസ്സങ്ങൾ നേരിടുന്നതിനിടെയാണ് പാനമയിലെ ഈ വെല്ലുവിളി. കനാൽ ഉപയോഗിക്കുന്നതിലൂടെ അമേരിക്കൻ തീരങ്ങൾക്കിടയിലുള്ള യാത്രയിൽ കപ്പലുകൾക്ക് ഏകദേശം 15,000 കിലോമീറ്റർ ദൂരം ലാഭിക്കാൻ സാധിച്ചിരുന്നു. എന്നാൽ നിലവിലെ നിയന്ത്രണങ്ങളും ചരക്ക് കയറ്റുന്നതിലെ പരിധികളും ചരക്കുനീക്കച്ചെലവ് കുത്തനെ കൂട്ടുകയും ഏഷ്യയിലേക്കുള്ള എൽ.പി.ജി കയറ്റുമതി ഉൾപ്പെടെയുള്ള ആഗോള വിപണികളെ സാരമായി ബാധിക്കുകയും ചെയ്യുന്നു.

പ്രതിസന്ധി ദീർഘകാലത്തേക്ക് പരിഹരിക്കുന്നതിനായി കനാൽ അതോറിറ്റി പുതിയ ജലാശയം നിർമിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിലും ഇതിന്റെ നിർമാണം അടുത്ത വർഷം ആരംഭിച്ച് 2032-ഓടെ മാത്രമേ പൂർത്തിയാകൂ. അതുവരെ ആഗോള കപ്പൽ ഗതാഗത രംഗം സമാനതകളില്ലാത്ത വെല്ലുവിളികളെ നേരിടേണ്ടി വരും. പ്രകൃതിയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ ആഗോള വ്യാപാര ശൃംഖലയെ ഏതുവിധേന ബാധിക്കുമെന്ന ആശങ്കയിലാണ് ഇതര വാണിജ്യ മേഖലകളും.

Severe Water Crisis in Panama Canal Spells Trouble for Global Shipping Sector

More Stories from this section

family-dental
witywide