ബെംഗളൂരു: കുടകിലെ കുട്ടയിലുള്ള സ്വകാര്യഹോംസ്റ്റേയിൽ യുഎസ് വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം. ഹോംസ്റ്റേ ജീവനക്കാരനാണ് പീഡിപ്പിച്ചതെന്ന് യുഎസ് വനിത പരാതി നൽകി. സംഭവത്തിൽ ജീവനക്കാരനായ ഝാർഖണ്ഡ് സ്വദേശി വൃജേഷ്കുമാറിനെയും ഹോംസ്റ്റേ ഉടമയെയും പോലീസ് അറസ്റ്റ്ചെയ്തു. ഹോംസ്റ്റേയിൽ താമസിക്കുന്നതിനിടെയാണ് യുഎസ് വനിതയ്ക്ക് നേരേ അതിക്രമമുണ്ടായത്.
എന്നാൽ, ഇത് മറച്ചുവെക്കാൻ ഹോംസ്‌റ്റേ ഉടമ ശ്രമിച്ചു. പരാതിക്കാരി ആരെയും വിവരമറിയിക്കാതിരിക്കാൻ മൂന്നുദിവസത്തേക്ക് ഹോംസ്‌റ്റേ ഉടമ വൈഫൈ സേവനം ഉൾപ്പെടെ തടസപ്പെടുത്തിയെന്നാണ് ആരോപണം. പിന്നീട് മൈസൂരുവിലേക്ക് പോകാനുണ്ടെന്ന് പറഞ്ഞ് പരാതിക്കാരി ഹോംസ്‌റ്റേ വിട്ടിറങ്ങുകയും യുഎസ് എംബസിയിൽ വിവരമറിയിക്കുകയുമായിരുന്നു.
യുഎസ് എംബസിയാണ് മൈസൂരു പോലീസിന് ഇമെയിൽ വഴി പരാതി കൈമാറിയത്. പിന്നാലെ പോലീസ് കേസെടുക്കുകയും രണ്ടുപ്രതികളെയും പിടികൂടുകയുമായിരുന്നു. സംഭവമറിഞ്ഞിട്ടും ഇത് മൂടിവെയ്ക്കാൻ ശ്രമിച്ചതിനാണ് ഹോംസ്റ്റേ ഉടമയ്ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ രണ്ടുപ്രതികളെയും മേയ് മൂന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്‌ചെയ്തു.
US woman sexually assaulted; Homestay employee and owner arrested














