ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയെന്ന് വാൻസ്; ജാഗ്രതയോടെ അമേരിക്ക

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് പ്രത്യേക ട്രാൻസിറ്റ് ഫീസോ ടോളോ ഈടാക്കാൻ തങ്ങൾക്ക് പദ്ധതിയില്ലെന്ന് ഇറാൻ അമേരിക്കയ്ക്ക് ഉറപ്പ് നൽകിയെന്ന് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ്.

ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ഊർജ്ജ വിപണി കടുത്ത ആശങ്ക നേരിടുന്നതിനിടെയാണ് ഈ നിർണായക വെളിപ്പെടുത്തൽ. യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഇറാൻ്റെ ഈ ഉറപ്പുകളെ അമേരിക്ക പൂർണ്ണമായി വിശ്വസിച്ചിട്ടില്ലെന്നും മേഖലയിലെ സുരക്ഷാ ചർച്ചകളിൽ രാജ്യം അതീവ ജാഗ്രത പുലർത്തുകയാണെന്നും വാൻസ് കൂട്ടിച്ചേർത്തു. “ഇറാൻ ഭരണകൂടത്തിനുള്ളിലെ ചിലർ ടോൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ അത്തരം നീക്കമില്ലെന്നാണ് അവർ ഔദ്യോഗികമായി ഞങ്ങളെ അറിയിച്ചിട്ടുള്ളത്. എങ്കിലും വാക്കുകളിലല്ല, ഇറാൻ്റെ പ്രവർത്തികളിലാണ് യുഎസ് വിശ്വസിക്കുന്നത്. വരും ദിവസങ്ങളിലെ അവരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും,” വാൻസ് പറഞ്ഞു.

മേഖലയിലെ നിലവിലെ സംഘർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന അതേ അളവിൽ ഗൾഫിൽ നിന്നുള്ള എണ്ണ-പ്രകൃതിവാതക കയറ്റുമതി പുനഃസ്ഥാപിക്കുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനെ ഗൾഫ് രാജ്യങ്ങളും പിന്തുണയ്ക്കുന്നുണ്ട്. കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകളുടെ മൂല്യത്തിന്റെ 5 മുതൽ 7 ശതമാനം വരെ ടോൾ ഈടാക്കാൻ ഇറാൻ മുൻപ് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതാണ് ആഗോള തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിരുന്നത്.

കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്ര ഉറപ്പാക്കാൻ ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് ഇറാൻ ചർച്ചകൾ നടത്തുന്നുണ്ട്. യുദ്ധസമയത്ത് കടലിടുക്കിൻ്റെ ചില ഭാഗങ്ങളിൽ മൈനുകൾ സ്ഥാപിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇവ നീക്കം ചെയ്യാനും സുരക്ഷിതമായ പുതിയ യാത്രാ പാതകൾ ഒരുക്കാനുമാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. വാണിജ്യ കപ്പലുകളെ ഇറാൻ ലക്ഷ്യമിടില്ലെന്ന കർശനമായ ഉറപ്പും അമേരിക്ക ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നു നൽകുന്നതിന് ഇറാൻ തങ്ങളുടെ രാഷ്ട്രീയ-സുരക്ഷാ ആവശ്യങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. മുൻപ് ഉണ്ടായ വെടിനിർത്തൽ ധാരണകൾ യുഎസ് ലംഘിച്ചതിന് നഷ്ടപരിഹാരം വേണമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആവശ്യപ്പെടുന്നത്. അമേരിക്ക തങ്ങൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളും നിയന്ത്രണങ്ങളും തിരുത്തുന്നത് വരെ കടലിടുക്ക് പൂർണ്ണമായി തുറക്കില്ലെന്ന് ഇറാൻ്റെ സുരക്ഷാ മേധാവി മുഹമ്മദ് ബഖേർ സോൾഖാദറും വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനുമായി ഉടൻ തന്നെ ഒരു കരാറിലെത്താൻ സാധിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചെങ്കിലും, ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും പ്രധാനപ്പെട്ട പല വിഷയങ്ങളും ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നാണ് ജെഡി വാൻസ് വ്യക്തമാക്കുന്നത്. ആഗോള എണ്ണ വ്യാപാരത്തിൻ്റെ അഞ്ചിലൊന്നും നടക്കുന്നത് ഹോർമുസ് കടലിടുക്കിലൂടെയായതിനാൽ ലോകരാജ്യങ്ങളെല്ലാം ഈ നയതന്ത്ര ചർച്ചകളെ ഏറെ ഉറ്റുനോക്കുകയാണ്.

Vance says Iran has assured it will not impose tolls on ships in the Strait of Hormuz; US on alert

More Stories from this section

family-dental
witywide