കൊച്ചി: യു.എസ്. ക്രൂഡിനേക്കാൾ കുറഞ്ഞ വിലയിൽ എണ്ണ ലഭ്യമാകുന്നതിനാൽ യു.എസിനെയും സൗദി അറേബ്യയെയും മറികടന്ന് ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് വെനസ്വേല. മേയ് മാസത്തിലെ ആദ്യ 20 ദിവസങ്ങളിൽ ഏപ്രിലിനേക്കാൾ 50 ശതമാനം കൂടുതൽ എണ്ണയാണ് വെനസ്വേലയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. മേയ് 20 വരെ പ്രതിദിനം 4.17 ലക്ഷം ബാരൽ (ബി.പി.ഡി.) എന്ന കണക്കിലാണ് വെനസ്വേലയിൽ നിന്ന് ക്രൂഡ് എത്തിയത്. ഏപ്രിലിൽ ഇത് 2.83 ലക്ഷം ബി.പി.ഡി. എന്ന നിലയിലായിരുന്നു. തൊട്ടുമുൻപുള്ള മാസങ്ങളിൽ സംപൂജ്യവും.
ജനുവരിയിൽ വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളസ് മഡൂറോയെ യു.എസ്. സൈന്യം പിടികൂടിയിരുന്നു. പിന്നാലെ വെനസ്വേലയ്ക്ക് മേൽ ചുമത്തിയിരുന്ന ഉപരോധത്തിനും ഇളവ് പ്രഖ്യാപിച്ചു. ഇതോടെയാണ് വെനസ്വേലയിൽ നിന്ന് ക്രൂഡ് ഇന്ത്യയിലേക്ക് എത്തിത്തുടങ്ങിയത്.
അതേസമയം, റഷ്യ തന്നെയാണ് നിലവിൽ ഇന്ത്യയിലേക്കുള്ള ക്രൂഡ് വ്യാപാരത്തിൽ മുന്നിൽ. മേയ് മാസത്തിൽ ഇതുവരെ 19.83 ലക്ഷം ബി.പി.ഡി. ക്രൂഡോയിലാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്‌തത്. ഏപ്രിലിൽ ഇത് 15.7 ലക്ഷം ബി.പി.ഡി. ആയിരുന്നു. രണ്ടാം സ്ഥാനത്തുള്ള യു. എ.ഇ.യിൽ നിന്ന് 5.63 ലക്ഷം ബി.പി.ഡി. എണ്ണയാണ് ഇന്ത്യയിലെത്തിയത്. ഇത് ഏപ്രിൽ മാസത്തിലെ 5.67 ലക്ഷം ബി.പി.ഡി.യെ അപേക്ഷിച്ച് കുറവാണ്.
മൂന്നാം സ്ഥാനത്തുള്ള വെനസ്വേലയ്ക്ക് തൊട്ടുതാഴെയുള്ള സൗദി അറേബ്യയും അംഗോളയും മേയിൽ യഥാക്രമം 3.4 ലക്ഷം ബി.പി.ഡി., 2.94 ലക്ഷം ബി.പി.ഡി. എന്നിങ്ങനെ ഇന്ത്യയിലേക്ക് എത്തിച്ചു. ആറാം സ്ഥാനത്തുള്ള യു.എസിൽ നിന്ന് 2.93 ലക്ഷം ബി.പി.ഡി. എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്തു.
Venezuela surpasses US and Saudi Arabia; India buys more oil















