തോമസ് ഐസകിൻ്റെ വാക്കുകളെ പൂർണമായി ശരിവെച്ച് ജി. സുധാകരൻ; നേരത്തെ പറഞ്ഞിരുന്നെങ്കിൽ പാർട്ടി വിടേണ്ടിവരില്ലായിരുന്നു

ആലപ്പുഴ: മുൻ ധനമന്ത്രി തോമസ് ഐസക് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ മോശപ്പെട്ട സാഹചര്യങ്ങളേക്കുറിച്ച് നടത്തിയ പ്രതികരണങ്ങളെ പൂർണമായി ശരിവെച്ച് എംഎൽഎയും പാർട്ടി വിട്ട സി.പി.എം മുതിർന്ന നേതാവുമായ ജി. സുധാകരൻ. തോമസ് ഐസക്ക് ഇത്തരമൊരു തുറന്നുപറച്ചിൽ നടത്തുന്നത് താൻ ആദ്യമായാണ് കേൾക്കുന്നതെന്നും ഈ കാര്യങ്ങൾ കുറച്ചുകൂടി നേരത്തെ അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ എന്നെപ്പോലുള്ളവർക്ക് സ്വയം പാർട്ടി വിടേണ്ടിവരില്ലായിരുന്നുവെന്നും ജി. സുധാകരൻ പറഞ്ഞു.

പാർട്ടിയിൽ ഈ കാലഘട്ടത്തിൽ അനിവാര്യമായി നടക്കേണ്ട ഒരു സ്വയംവിമർശനമാണ് ഐസക്കിന്റേതെന്നും അത് രഹസ്യമാക്കി വെക്കേണ്ടതല്ല. പാർട്ടിക്കുള്ളിൽ ഇപ്പോൾ നിൽക്കക്കള്ളി ഇല്ലാത്ത സ്ഥിതിയാണെന്നും ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഐസക്കിന് ധാർമികവും മാനസികവുമായ വലിയ പ്രതിസന്ധി ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി എന്നാൽ ഇപ്പോൾ താഴെത്തലംമുതൽ മുകൾത്തട്ടുവരെയുള്ള എല്ലാ കമ്മിറ്റികളിലും ഒരു ചെറിയ വിഭാഗത്തിന് സുഖമായി ജീവിക്കാനും അധികാരം സ്ഥാപിക്കാനും ഇഷ്ടമില്ലാത്തവരെ പുറത്താക്കാനുമുള്ള ഒന്നായി മാറിയിരിക്കുന്നു. ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശരിയായ രീതിയല്ല.

ആലപ്പുഴയിലാണ് ഇത്തരം വൃത്തികെട്ട പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചിലർ തുടക്കമിട്ടതെന്നും അതിന്റെ പ്രധാന ഇര താനായിരുന്നു. പാർട്ടിയിൽ തെറ്റുകൾ തിരുത്തുന്ന ഒരു നേതൃത്വം നിലവിലില്ല. തന്നേക്കാൾ എത്രയോ ജൂനിയറായ ഒരു സംസ്ഥാന കമ്മിറ്റി അംഗം തന്റെ അച്ഛനെ വിളിച്ച് അധിക്ഷേപിച്ചിട്ടും പിണറായി വിജയൻ അടക്കമുള്ള നേതൃത്വം അയാളെ തിരുത്താൻ തയാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം അച്ഛനെ ബഹുമാനിക്കുന്ന ഒരാൾ മറ്റുള്ളവരുടെ പിതാവിനെ അധിക്ഷേപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2021-ന് ശേഷം പിണറായി വിജയൻ മാറിയെന്നും സുധാകരൻ പറഞ്ഞു. താൻ കോൺഗ്രസിൻ്റെ ചെളിക്കുണ്ടിൽ പോയി വീണുവെന്നാണ് പിണറായി ആരോപിച്ചത്. തമിഴ്‌നാട്, ബംഗാൾ, ത്രിപുര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസുമായി ചേർന്നാണ് സി.പി.എം മത്സരിക്കുന്നത്. സി.പി.എമ്മിനും സി.പി.ഐക്കും പാർലമെൻ്റിൽ ലഭിച്ച ആകെ ആറ് സീറ്റുകളിൽ അഞ്ചും കോൺഗ്രസിന്റെ പിന്തുണയോടെ ലഭിച്ചതാണെന്നും അതേസമയം, താനും തോമസ് ഐസക്കും തമ്മിൽ മാസങ്ങളോ വർഷങ്ങളോ ആയി യാതൊരുവിധ ആശയവിനിമയവും നടക്കാറില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

G. Sudhakaran fully endorses Thomas Isaac’s words; says he would not have had to leave the party had this been said earlier.