അധികാരമേറ്റ ഉടൻ സുപ്രധാന ഫയലുകളിൽ ഒപ്പുവെച്ച് വിജയ്; സൗജന്യ വൈദ്യുതിയും വനിതാ സുരക്ഷാ സേനയും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടൻ തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിനായുള്ള സുപ്രധാന ഫയലുകളിൽ ഒപ്പുവെച്ച് സി. ജോസഫ് വിജയ്. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകാനുള്ള ഫയലിലാണ് മുഖ്യമന്ത്രി ആദ്യം ഒപ്പിട്ടത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒരു പ്രത്യേക സേന രൂപീകരിക്കുന്നതിനുള്ള ഉത്തരവിനും അദ്ദേഹം അംഗീകാരം നൽകി.

തിരഞ്ഞെടുപ്പ് പത്രികയിൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്ന് ജനക്കൂട്ടത്തിൻ്റെ ഹർഷാരവങ്ങൾക്കിടെ വിജയ് ഉറപ്പുനൽകി. സുതാര്യമായ ഒരു ഭരണസംവിധാനമായിരിക്കും തന്റെ സർക്കാർ കാഴ്ചവെക്കുക. വിദ്യാഭ്യാസം, ഭക്ഷ്യവിതരണം, ആരോഗ്യം എന്നിവയ്ക്കായിരിക്കും സർക്കാർ പ്രഥമ പരിഗണന നൽകുകയെന്നും വിജയ് പറഞ്ഞു.

നേരിയ ഭൂരിപക്ഷത്തിൽ ചെറിയ പാർട്ടികളുടെ പിന്തുണയോടെ ഭരിക്കുന്ന സർക്കാരിന്റെ സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകൾ വിജയ് തള്ളി. ഭരണത്തിൽ താൻ മാത്രമായിരിക്കും അധികാരിയെന്നും ഒന്നിലധികം അധികാര കേന്ദ്രങ്ങൾ ഉണ്ടാകില്ലെന്നും വിജയ് വ്യക്തമാക്കി. 234 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള വെല്ലുവിളികൾക്കിടയിലാണ് ഭരണത്തിൽ വ്യക്തമായ മേധാവിത്വം ഉണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

അതേസമയം, സത്യപ്രതിജ്ഞയ്ക്കുശേഷം നടന്ന ചടങ്ങിൽ മുൻ ഡിഎംകെ സർക്കാരിൻ്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിജയ് രൂക്ഷമായ വിമർശനം ഉന്നയിച്ചു. 2021 മുതൽ 2026 വരെയുള്ള കാലയളവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് തന്റെ സർക്കാർ ഒരു ധവളപത്രം പുറത്തിറക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. ഡിഎംകെ സർക്കാർ സംസ്ഥാനത്തെ 10 ലക്ഷം കോടി രൂപയുടെ കടക്കെണിയിലാണ് ഉപേക്ഷിച്ചു പോയതെന്നും തന്റെമേൽ അടിച്ചേൽപ്പിച്ച ഈ ഭാരം എത്രത്തോളമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ധവളപത്രം ഇറക്കുന്നതെന്നും വിജയ് കൂട്ടിച്ചേർത്തു.

Vijay signs important files immediately after taking office; free electricity and women’s security force

More Stories from this section

family-dental
witywide