
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ അമ്മയ്ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ നടത്തിയ നീചമായ പരാമർശത്തിൽ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു. സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ സംസാരിക്കവെയായിരുന്നു തമിഴ്നാട് രാഷ്ട്രീയത്തെയും വ്യക്തിത്വത്തെയും അപമാനിക്കുന്ന രീതിയിൽ നൈനാർ നാഗേന്ദ്രന്റെ വിവാദ പരാമർശം. ഭരണകക്ഷി മന്ത്രിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സംഭവത്തെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
സംഭവത്തിൽ നൈനാർ നാഗേന്ദ്രനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ചെന്നൈ സ്വദേശിയായ അഭിഭാഷക ഡിജിപിക്ക് നൽകിയ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ച നേതാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പരാമർശത്തിൽ നൈനാർ പരസ്യമായി മാപ്പ് പറയണമെന്ന് വി.സി.കെ നേതാവ് വണ്ണിയരസ് ആവശ്യപ്പെട്ടു. മുൻപ് ഫെബ്രുവരിയിൽ ചലച്ചിത്ര താരം തൃഷയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയും നൈനാർ വിവാദത്തിൽപ്പെട്ടിരുന്നു.
അതേസമയം സ്വന്തം പാർട്ടി അധ്യക്ഷന്റെ പരാമർശത്തെ തള്ളിപ്പറഞ്ഞ് ബി.ജെ.പി നേതാക്കളായ കെ. അണ്ണാമലൈയും ഖുശ്ബുവും രംഗത്തെത്തി. നൈനാറിന്റെ വാക്കുകൾ രാഷ്ട്രീയ മര്യാദയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്നും വ്യക്തിപരമായ ഇത്തരം അധിക്ഷേപങ്ങൾ അംഗീകരിക്കാനാവില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി. പരാമർശം തികച്ചും വേദനാജനകമാണെന്ന് പ്രതികരിച്ച ഖുശ്ബു, ബി.ജെ.പി ദേശീയ നേതൃത്വം എപ്പോഴും സ്ത്രീകളെ ബഹുമാനിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
അതേസമയം തന്‍റെ പ്രസംഗത്തെ വളച്ചൊടിച്ചെന്നും തെറ്റായി വ്യാഖ്യാനിച്ചെന്നുമാണ് ബിജെപി അധ്യക്ഷൻ പ്രതികരിച്ചത്. ഏതെങ്കിലും പ്രത്യേക വ്യക്തിയെ ലക്ഷ്യമിട്ടോ, ദുരുദ്ദേശ്യത്തോടെയോ അല്ല സംസാരിച്ചതെന്നും അമ്മയോടും മാതൃഭൂമിയോടും മാതൃഭാഷയോടും അഗാധമായ ആദരവാണുള്ളതെന്നും നൈനാർ കൂട്ടിച്ചേർത്തു.
Derogatory Remarks Against Tamil Nadu CM Vijay’s Mother: Widespread Protests Against BJP Chief Nainar Nagendran











