മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂട്ടുമെന്ന തമിഴ്നാട് ബജറ്റ് പ്രഖ്യാപനത്തിൽ കടുത്ത പ്രതിഷേധവുമായി കേരളം; നിയമനടപടി പരിഗണനയിൽ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി കേരളം. തമിഴ്നാടിന്റെ ഈ നീക്കത്തിനെതിരെ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഒരു കാരണവശാലും ഡാമിലെ ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ലെന്നും, ആവശ്യമെങ്കിൽ വിഷയത്തിൽ കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. അണക്കെട്ടിന്റെ സുരക്ഷയ്ക്കാണ് കേരളം പ്രഥമ പരിഗണന നൽകുന്നതെന്നും 142 അടിയെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദീർഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനും കർഷകരുടെ ക്ഷേമത്തിനുമായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്നാണ് തമിഴ്നാട് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചത്. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, കോടതി നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി നടപടിയെടുക്കുമെന്നാണ് തമിഴ്നാടിന്റെ വാദം. ഇതിന് പുറമെ ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി-കാവേരി നദീബന്ധന പദ്ധതി തുടങ്ങിയവ വേഗത്തിലാക്കുമെന്നും സംസ്ഥാനത്തിന്റെ ജലാവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കുമെന്നും തമിഴ്നാട് ബജറ്റിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ വിലയിരുത്തുന്ന വിദഗ്ധ സമിതിയില്‍ കേരളത്തിന്റെ പുതിയ പ്രതിനിധിയായി ഒഡീഷ ജലവിഭവവകുപ്പ് മുന്‍ സ്‌പെഷല്‍ സെക്രട്ടറി അശുതോഷ് ഡാഷിനെ സർക്കാര നിയമിച്ചു. തമിഴ്നാടിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തിനെതിരെ അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ കേരളത്തിന്റെ താൽപര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിലാണ് കേരളം പ്രതിരോധ നടപടികളിലേക്ക് കടക്കുന്നത്.

Kerala Protests Tamil Nadu Budget Announcement to Raise Mullaperiyar Water Level; Legal Options Under Consideration

More Stories from this section

family-dental
witywide