ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴ് സൂപ്പർസ്റ്റാർ വിജയ് എന്ന ജോസഫ് വിജയ് ചന്ദ്രശേഖർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ സജ്ജീകരിച്ച വേദിയിലാണ് സത്യപ്രതിജ്ഞ നടന്നത്. ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ വിജയ് കൈകാര്യം ചെയ്യും.
സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുത്തു. ചടങ്ങ് നേരിട്ട് വീക്ഷിക്കാൻ മാതാപിതാക്കളും സുഹൃത്ത് തൃഷയും എത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് ചെന്നൈ നഗരത്തിലെ 20 കേന്ദ്രങ്ങളിൽ പ്രത്യേകം സ്ക്രീനുകളിൽ തത്സമയം പ്രദർശിപ്പിക്കുന്നുണ്ട്. എംജിആറിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രിയാകുന്ന സിനിമാ താരമാണ് വിജയ്. 1967-ന് ശേഷം ദ്രാവിഡ പാർട്ടികളായ ഡിഎംകെക്കും എഐഎഡിഎംകെക്കും പുറത്ത് നിന്ന് തമിഴ്‌നാട് ഭരിക്കുന്ന ആദ്യ നേതാവ് കൂടിയാണ് വിജയ്.
ചടങ്ങിൽ, വിജയ്ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി മന്ത്രിസഭയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ സർക്കാരിനുണ്ട്. കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ഡിഎംകെ അധികാരത്തിൽ വന്നതിന് ശേഷം ഏറെനാളായി കോൺഗ്രസിന് മന്ത്രിമാർ ആരും തന്നെ തമിഴ്‌നാട്ടിലുണ്ടായിട്ടില്ല. ഡിഎംകെയുടെ സഖ്യകക്ഷി ആയിരുന്നെങ്കിലും മന്ത്രിസഭയിൽ കോൺഗ്രസിന് പ്രാതിനിധ്യമുണ്ടായിരുന്നില്ല.120 എംഎൽഎമാരുടെ പിന്തുണയോടെയാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
108 എംഎൽഎമാരാണ് വിജയ് യുടെ പാർട്ടിയായ ടിവികെയ്ക്കുള്ളത്. കോൺഗ്രസ് (5), സിപിഐ (2), സിപിഎം (2), വിസികെ (2), മുസ്ലീം ലീഗ് (2) എന്നിങ്ങനെയാണ് പിന്തുണ നൽകിയ മറ്റ് പാർട്ടികൾ. ഇതിൽ കോൺഗ്രസ് വിജയയുടെ പാർട്ടിയുമായി സഖ്യം രൂപീകരിച്ചു. എന്നാൽ ഇടതുപാർട്ടികൾ സഖ്യസർക്കാരിൽ ഭാഗമാകില്ല. പുറത്തുനിന്നുള്ള പിന്തുണമാത്രമേ ഉണ്ടാകു എന്നാണ് അറിയിച്ചിരിക്കുന്നത്. മെയ് 13-നകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ വിജയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Vijay sworn in as Tamil Nadu Chief Minister










