ബിഎൽഎം ചെയർമാൻ പ്രേംകുമാറിന്റെ അറസ്റ്റ് നിയമവിരുദ്ധം, കോഴിക്കോട് കോടതി ജാമ്യം അനുവദിച്ചു; മുഖ്യമന്ത്രി വിജയ്ക്കൊപ്പമുള്ള ചിത്രത്തിൽ തമിഴ്നാട്ടിലും രാഷ്ട്രീയ വിവാദം

ആയിരം കോടിയിലധികം രൂപയുടെ സാമ്പത്തിക തിരിമറി കേസിൽ ചെന്നൈയിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ബി.എൽ.എം സ്ഥാപക ചെയർമാൻ പ്രേംകുമാറിന് കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ നടത്തിയ അറസ്റ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അറസ്റ്റിന്റെ കാരണവും സാഹചര്യവും എഴുതി നൽകിയില്ലെന്നും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിവരമറിയിച്ചില്ലെന്നുമുള്ള പ്രതിഭാഗം വാദങ്ങൾ കോടതി അംഗീകരിച്ചു. എന്നാൽ ക്രൈംബ്രാഞ്ചിന്റേത് കള്ളക്കേസാണെന്നും നാലഞ്ചുപേർ ചേർന്നുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും, നിക്ഷേപകർക്ക് യാതൊരു ആശങ്കയും വേണ്ടെന്നും പ്രേംകുമാർ പ്രതികരിച്ചു.

ഉയർന്ന പലിശയും ആകർഷകമായ ഭവന പദ്ധതികളും വാഗ്ദാനം ചെയ്താണ് കേരളത്തിലും തമിഴ്നാട്ടിലുമായി ബി.എൽ.എം കോടികളുടെ നിക്ഷേപം സമാഹരിച്ചത്. കമ്പനിയുടെ മുൻ സി.ഇ.ഓ നവീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. ഇതിനിടെ, എറണാകുളം കോതമംഗലം പൊലീസും ബി.എൽ.എമ്മിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. മുൻ ജീവനക്കാരിയിൽ നിന്ന് ഒരു കോടി 60 ലക്ഷം രൂപ തട്ടിയെടുത്തെെന്ന പരാതിയിലാണ് നടപടി. അതേസമയം സാമ്പത്തിക തിരിമറി നടന്നിട്ടില്ലെന്ന അവകാശവാദവുമായി ബി.എൽ.എം പ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്.

മറുവശത്ത്, പ്രേംകുമാറിന്റെ അറസ്റ്റ് തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ പ്രേംകുമാർ സന്ദർശിച്ച ചിത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. വിഷയത്തിൽ സി.ബി.ഐ, ഇ.ഡി, എസ്.എഫ്.ഐ.ഒ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ചാനൽ പ്രതിനിധികളോടൊപ്പം എത്തിയ സന്ദർശനത്തിൽ പ്രേംകുമാറുമായി ചാനലിന് ബന്ധമില്ലെന്ന് ബന്ധപ്പെട്ട സ്വകാര്യ ചാനൽ അധികൃതർ വ്യക്തമാക്കുകയും ചെയ്തു.

Court Grants Bail to BLM Chairman Premkumar Over Illegal Arrest: Case Sparks Political Row in Tamil Nadu

More Stories from this section

family-dental
witywide