ബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കവെ അക്രമസംഭവങ്ങൾ; ഇവിഎം തകരാർ, സ്ഥാനാർത്ഥിയുടെ കാർ തകർത്തു, കേന്ദ്രസേനയ്ക്കെതിരെ മമത

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടത്തിലെ വോട്ടെടുപ്പിനിടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം. ചാപ്ര, ശാന്തിപൂർ, ഭംഗർ എന്നിവിടങ്ങളിൽ നിന്ന് അക്രമ സംഭവങ്ങളും ഇവിഎം തകരാറുകളും റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ തൃണമൂൽ കോൺഗ്രസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ബൂത്തുകളിൽ വ്യാപകമായി തർക്കം നിലനിൽക്കുന്നുണ്ട്.

എൻ്റാലി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക തിബ്രേവാളും പോളിംഗ് ഉദ്യോഗസ്ഥരും തമ്മിൽ ബൂത്തിനുള്ളിൽ രൂക്ഷമായ തർക്കമുണ്ടായി. ബിജെപി ഏജൻ്റിനെ ബൂത്തിൽ നിന്ന് പുറത്താക്കിയതാണ് തർക്കത്തിന് കാരണമായത്. ബൂത്തിന് സൗകര്യം കുറവായതിനാലാണ് ഏജൻ്റിനെ മാറ്റിയതെന്ന് അധികൃതർ വിശദീകരിച്ചപ്പോൾ, തൃണമൂൽ പ്രവർത്തകർ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. നാദിയ ജില്ലയിലെ ചാപ്രയിൽ ബിജെപി ഏജൻ്റ് മുഷറഫ് മീറിന് നേരെ ക്രൂരമായ ആക്രമണമുണ്ടായി. തൃണമൂൽ പ്രവർത്തകർ തോക്കും ദണ്ഡുകളുമായി എത്തി തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മീർ പറഞ്ഞു. ബിജെപി സ്ഥാനാർത്ഥി സൈക്കത്ത് സർക്കാരും തൃണമൂലിനെതിരെ രംഗത്തെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരോപണങ്ങൾ തൃണമൂൽ നിഷേധിച്ചു.

ഹൗറയിൽ വോട്ടിംഗ് മെഷീൻ തകരാറിന് പിന്നാലെ ഉണ്ടായ പ്രതിഷേധത്തിൽ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മറ്റ് രണ്ടുപേരെ സുരക്ഷാ സേന ലാത്തിവീശി നേരിടുന്നതും ദൃശ്യങ്ങളിലുണ്ട്. അതിനിടെ, ബിജെപി സ്ഥാനാർത്ഥി ബികാഷ് സർദാറിന്റെ കാർ തൃണമൂൽ പ്രവർത്തകർ തല്ലിത്തകർത്തു. കാറിൻ്റെ പിൻഭാഗത്തെ ചില്ലുകൾ പൂർണ്ണമായും തകർന്നു. ഭാംഗറിൽ ഐഎസ്എഫ് ഏജൻ്റിനെ പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്നത് തടഞ്ഞതായും പരാതിയുണ്ട്. ശാന്തിപ്പൂരിൽ പ്രാദേശിക ബിജെപി ക്യാമ്പ് തകർക്കുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി.

കേന്ദ്രസേനയ്‌ക്കെതിരെ മമത ബാനർജി

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ കേന്ദ്രസേന ബിജെപിക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. “കേന്ദ്രസേന ഞങ്ങളുടെ ആളുകളെ ഉപദ്രവിക്കുകയാണ്. ഇങ്ങനെയല്ല വോട്ടെടുപ്പ് നടക്കേണ്ടത്. പുറത്തുനിന്നുള്ള നിരീക്ഷകരെ കൊണ്ടുവന്ന് ബിജെപി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്,” മമത പറഞ്ഞു. തങ്ങളുടെ പോസ്റ്ററുകൾ വ്യാപകമായി നീക്കം ചെയ്യുന്നുവെന്നും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഇവിഎമ്മുകളിൽ കൃത്രിമം കാട്ടാൻ ബിജെപി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, മെഷീനുകൾ പൂർണ്ണ സുരക്ഷിതമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശദീകരണം. സംഘർഷബാധിത പ്രദേശങ്ങളിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

Violence breaks out in Bengal as voting progresses; EVM malfunctions

More Stories from this section

family-dental
witywide