
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനുള്ളിലെ വ്യാജ ഒപ്പ് വിവാദത്തിൽ അന്വേഷണം ശക്തമാക്കി പശ്ചിമബംഗാൾ സിഐഡി. കേസിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ വസതിയിലും എംപി അഭിഷേക് ബാനർജിയുടെ ഓഫീസിലും പരിശോധന നടത്തി. നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് സ്പീക്കർക്ക് സമർപ്പിച്ച കത്തിലെ ഒപ്പുകൾ വ്യാജമാണെന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാകുന്നതിനിടെയാണ് സിഐഡിയുടെ നിർണായക നീക്കം. കാളിഘട്ട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ള വൻ സുരക്ഷാസന്നാഹത്തോടെയാണ് സിഐഡി സംഘം പരിശോധന നടത്തിയത്. കൊൽക്കത്തയിലെ 30 ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള തൃണമൂൽ കോൺഗ്രസിന്റെ കേന്ദ്ര ഓഫീസിൽ ഉച്ചയോടെയാണ് ഉദ്യോഗസ്ഥർ എത്തിയത്. എംഎൽഎമാരുടെ ഒപ്പുകൾ ശേഖരിച്ചത് പാർട്ടിയുടെ കേന്ദ്ര ഓഫീസിലാണെന്ന് നേരത്തെ അഭിഷേക് ബാനർജി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്നാണ് സിഐഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് സംഘങ്ങളായാണ് സിഐഡി പരിശോധന നടത്തിയത്. ഒരു സംഘം മമതാ ബാനർജിയുടെ വസതിയിലും, മറ്റൊരു സംഘം അഭിഷേക് ബാനർജിയുടെ ഓഫീസിലും, മൂന്നാമത്തെ സംഘം അദ്ദേഹത്തിന്റെ വസതിയിലുമാണ് പരിശോധന നടത്തിയത്.
നിയമസഭയിലെ പ്രതിപക്ഷ നേതാവായി ശോഭൻദേബ് ചട്ടോപാധ്യായയെ തിരഞ്ഞെടുത്തതായി അറിയിച്ച് സ്പീക്കർക്ക് നൽകിയ ഔദ്യോഗിക കത്തിൽ തൃണമൂൽ എംഎൽഎമാരുടെ ഒപ്പുകൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ആ ഒപ്പുകൾ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിച്ചതാണെന്ന് ചില എംഎൽഎമാർ ആരോപിച്ചു. തുടർന്ന് വിമത എംഎൽഎമാർ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി നാമനിർദേശം ചെയ്യുകയും ചെയ്തു. കത്തിലെ ഒപ്പുകളുമായി ബന്ധപ്പെട്ട പരാതിയുമായി മുൻ തൃണമൂൽ എംഎൽഎമാരായ ഋതബ്രത ബാനർജിയും സാന്ദീപൻ സാഹയും സ്പീക്കറെ സമീപിച്ചതോടെയാണ് കേസ് സിഐഡി അന്വേഷണത്തിലേക്ക് എത്തിയത്. വ്യാജരേഖ ചമച്ചെന്ന ആരോപണവും പാർട്ടിക്കുള്ളിലെ അധികാര പോരാട്ടവും പശ്ചിമബംഗാളിലെ രാഷ്ട്രീയ രംഗത്ത് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.















