
തിരുവനന്തപുരം : കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ തിരോധാനവും വിവാഹവുമായി ബന്ധപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഭർത്താവ് ഫർമാൻ രംഗത്ത്. തൻ്റെ ഭാര്യ ഗർഭിണിയാണെന്നും നിലവിലെ ശാരീരിക അസ്വാസ്ഥ്യങ്ങൾ കാരണം ഉടൻ തന്നെ പൊലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നും ഫർമാൻ വ്യക്തമാക്കി. തങ്ങൾ ഇപ്പോൾ സുരക്ഷിത കേന്ദ്രത്തിലാണെന്നും പെൺകുട്ടിയുടെ ആരോഗ്യത്തിനാണ് മുൻഗണന നൽകുന്നതെന്നും ഫർമാൻ പറഞ്ഞു. മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്ഐയെയാണ് വിവരം അറിയിച്ചത്.
പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നേരിട്ടു ഹാജരാകണമെന്നാണ് പൊലീസ് നിർദേശം.
കഴിഞ്ഞ കുംഭമേളയ്ക്കിടെ പകർത്തിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും പെൺകുട്ടി ‘വൈറൽ’ ആകുകയും ചെയ്തിരുന്നു. പിന്നീട് മോഡലായും സിനിമയിൽ അഭിനയിച്ചും പെൺകുട്ടി വാർത്തകളിൽ നിറഞ്ഞുനിന്നു. എന്നാൽ ഇതിന് പിന്നാലെ പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചു.
മധ്യപ്രദേശ് സർക്കാർ നൽകിയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മാര്‍ച്ച് 11ന് തിരുവനന്തപുരത്തെ പൂവാര്‍ പഞ്ചായത്തില്‍ പെൺകുട്ടിയും കാമുകൻ ഫർമാനും കല്യാണം റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കല്യാണം വിവാദമായതിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫർമാൻ തട്ടിക്കൊണ്ടുപോയി നിർബന്ധപൂർവ്വം വിവാഹം കഴിച്ചതാണെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഫർമാനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തത്.
എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് പെൺകുട്ടി തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് ഫർമാനെ വിവാഹം കഴിച്ചതെന്നും തങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും വ്യക്തമാക്കുന്ന വീഡിയോ പെൺകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും വീട്ടുകാരുടെ പരാതി അടിസ്ഥാനരഹിതമാണെന്നും വീഡിയോയിൽ പെൺകുട്ടി അവകാശപ്പെട്ടു.
വിവാഹത്തെച്ചൊല്ലിയുള്ള നിയമതർക്കം നിലനിൽക്കെയാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവരുന്നത്. യാത്ര ചെയ്യുന്നതും പൊലീസിന് മുന്നിൽ ഹാജരാകുന്നതും നിലവിലെ സാഹചര്യത്തിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഭർത്താവ് പറയുന്നു. നിയമപരമായ നടപടികളിൽ നിന്ന് ഒളിച്ചോടില്ലെന്നും എന്നാൽ ഭാര്യയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മാത്രമേ ഹാജരാകാൻ സാധിക്കൂ എന്നുമാണ് ഫർമാൻ്റെ നിലപാട്.
Viral girl at Kumbh Mela is pregnant; husband Farman wants time to appear before police















