
കുംഭമേള വൈറൽ താരം മോണലിസയുടെ വിവാഹത്തെച്ചൊല്ലിയുള്ള തർക്കം കേരളത്തിൽ നിയമപ്പോരാട്ടമായി മാറുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് ആരോപിച്ച് മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ മൊഴിയെടുക്കാൻ മധ്യപ്രദേശ് സംഘം കൊച്ചിയിലെത്തിയതോടെയാണ് സംഭവങ്ങൾ നാടകീയമായത്. ഇതിനു പിന്നാലെ, തനിക്ക് 18 വയസ്സ് കഴിഞ്ഞുവെന്നും തന്നെ ബലമായി മധ്യപ്രദേശിലേക്ക് കൊണ്ടുപോകാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് മോണലിസ മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി. കേരള പോലീസിന്റെ സംരക്ഷണത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും തന്നെയും ഭർത്താവിനെയും വേട്ടയാടുന്ന നീക്കം തടയണമെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്താനുള്ള നടപടികൾ മധ്യപ്രദേശ് പോലീസ് ആരംഭിച്ചു. നിലവിൽ കേസിലെ പ്രതിയുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുള്ളതിനാൽ മൊഴിയെടുക്കൽ മാത്രമാകും നടക്കുക. മധ്യപ്രദേശിലെ ഉജ്ജയിനിൽ രജിസ്റ്റർ ചെയ്ത കേസിനെത്തുടർന്നാണ് പോലീസ് സംഘം കേരളത്തിലെത്തിയത്. എന്നാൽ, പ്രായപൂർത്തിയായ തനിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവകാശമുണ്ടെന്നും മധ്യപ്രദേശ് പോലീസിന്റെ സാന്നിധ്യം ഭയപ്പെടുത്തുന്നതാണെന്നും പെൺകുട്ടി ആരോപിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെയും പോലീസിന്റെയും ഇടപടൽ കാത്തിരിക്കുകയാണ് വൈറൽ താരം.
‘I am 18, protect me from MP Police’: Kumbh Mela viral star files complaint with CM and Kerala Police










