ഐടി ലോകത്തെ തിരക്കിൽ നിന്ന് അടുക്കളയിലേക്ക്: അമേരിക്കയിൽ മലയാളത്തനിമയുടെ വിപ്ലവം തീർത്ത് ‘ജഗൂസ് കഫേ’, ഇത് രുചിയൂറും ജീവിത കഥ!

അമേരിക്കയിലെ വിർജിനിയയിലുള്ള ഫാൾസ് ചർച്ചിലെ തിരക്കേറിയ ഐടി ലോകത്താണ് ശ്രീപാർവതിയും യോഗേഷ് ശിവകുമാറും ജീവിക്കുന്നത്. കമ്പ്യൂട്ടർ കീബോർഡുകളിൽ കോഡുകൾ എഴുതിത്തീർക്കുന്നതിനിടയിലും ഇവരുടെ മനസ്സ് എപ്പോഴും തിരഞ്ഞത് ഒന്നുമാത്രമായിരുന്നു; തങ്ങളുടെ കുട്ടിക്കാലത്ത് അമ്മമാർ അടുക്കളയിൽ ഒരുക്കിയിരുന്ന ആ പഴയ നാടൻ രുചിക്കൂട്ടുകൾ. പ്രവാസത്തിൻ്റെ മടുപ്പിൽ നിന്ന് സ്വന്തം നാടിൻ്റെ ഓർമ്മകളെ തിരിച്ചുപിടിക്കാനുള്ള യാത്രയായാണ് ഇരുവരും പാചകത്തെ നെഞ്ചോട് ചേർത്തത്. എന്നാൽ, ആ കമ്പം ഇന്ന് സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആളുകളെ സ്വാധീനിക്കുന്ന ഒരു വലിയ വിപ്ലവമായി മാറിയിരിക്കുകയാണ്. അതാണ് പ്രശസ്തമായ ‘ജഗൂസ് കഫേ’.

ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ‘ജഗൂസ് കഫേ’ പങ്കുവെക്കുന്ന തേങ്ങ അരച്ചുചേർത്ത കറികളുടെയും, മസാല പുരട്ടി വറുത്ത മീനിൻ്റെയും വിഡിയോകൾക്ക് ഇന്ന് ആരാധകരേറെയാണ്. പലപ്പോഴും വിദേശത്തുള്ള മലയാളി പ്രവാസികൾ ഇത് കണ്ട് യഥാർത്ഥ റെസ്റ്റോറൻ്റ് ആണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണം ഓർഡർ ചെയ്യാൻ ശ്രമിക്കാറുണ്ട്. തങ്ങൾക്ക് മൂന്ന് നേരം ഈ ഭക്ഷണം മാത്രം തന്നാൽ മതി, പകരം അടുക്കള മുഴുവൻ വൃത്തിയാക്കി തരാം എന്ന് പറഞ്ഞ് ‘ജഗൂസ് കഫേ’യ്ക്ക് വരുന്ന ഇൻബോക്സ് സന്ദേശങ്ങൾ പ്രവാസികൾക്ക് ഈ നാടൻ രുചികളോടുള്ള അടങ്ങാത്ത ആഗ്രഹത്തിൻ്റെ തെളിവാണ്. നാടൻ രുചിക്കൂട്ടുകൾ ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളിലേക്ക് എത്തിക്കുന്ന ഈ ഇൻസ്റ്റാഗ്രാം പേജിന് ഇന്ന് 6 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.

സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ഈ ദമ്പതികൾക്ക് പാചകം എന്നത് വെറുമൊരു വിനോദമല്ല. 2015-ൽ യുഎസിലേക്ക് താമസം മാറിയ കാലം മുതലാണ് യോഗേഷ് പാചകത്തിൽ കൂടുതൽ താല്പര്യം കാണിച്ചുതുടങ്ങിയത്. നാട്ടിലെ അമ്മമാരുടെ കൈപ്പുണ്യം അതേപടി വിദേശത്തെ അടുക്കളയിൽ പുനഃസൃഷ്ടിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ജോലിത്തിരക്കുകൾക്ക് ശേഷമുള്ള ഒഴിവുസമയങ്ങൾ മുഴുവൻ ഇവർ പുതിയ രുചിക്കൂട്ടുകൾ പരീക്ഷിക്കാനും അത് മനോഹരമായി ക്യാമറയിൽ പകർത്താനുമായി മാറ്റിവെച്ചു.

പരമ്പരാഗത കേരളീയ വിഭവങ്ങൾ അതിൻ്റെ തനിമ ചോരാതെ അവതരിപ്പിക്കുന്നതിലൂടെ ചുരുങ്ങിയ മാസങ്ങൾ കൊണ്ടാണ് ‘ജഗൂസ് കഫേ’ സോഷ്യൽ മീഡിയയിൽ തരംഗമായത്. ഇൻസ്റ്റാഗ്രാമിൽലെ ഇവരുടെ പേജ്, ഇന്ന് വിദേശത്തുള്ള മലയാളി യുവതലമുറയ്ക്ക് നാടൻ പാചകം പഠിക്കാനുള്ള ഒരു പ്രധാന ഇടം കൂടിയാണ്. ടെക്നോളജിയുടെ ലോകത്ത് ജീവിക്കുമ്പോഴും തങ്ങളുടെ വേരുകളെ മറക്കാതെ, മാതൃനാടിൻ്റെ രുചിക്കൂട്ടുകളെ നെഞ്ചോട് ചേർക്കുന്ന ശ്രീപാർവതിയുടെയും യോഗേഷിൻ്റെയും യാത്ര ഒട്ടേറെ പ്രവാസികൾക്ക് പ്രചോദനമാണ്.

viral ‘Jaggus Cafe’

More Stories from this section

family-dental
witywide