യുഎസിൽ പന്തുതട്ടാൻ ഇറാൻ എത്തും, ഇറാൻ ദേശീയ ടീമിന് വിസ അനുവദിച്ച് മെക്സിക്കോ; യുദ്ധ പശ്ചാത്തലത്തിൽ പരിശീലന ക്യാമ്പ് യുഎസിൽ നിന്ന് മാറ്റി

അങ്കാറ: അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ഇറാൻ ദേശീയ ടീമിലെ എല്ലാ കളിക്കാർക്കും സപ്പോർട്ടിങ് സ്റ്റാഫിനും വിസ അനുവദിച്ചതായി തുർക്കിയിലെ ഇറാൻ സ്ഥാനപതി മുഹമ്മദ് ഹസൻ ഹബീബുള്ളസാദെ അറിയിച്ചു. ടൂർണമെന്റിന്റെ സഹ-ആതിഥേയരായ മെക്സിക്കോയാണ് ഇറാന്റെ മുഴുവൻ പ്രതിനിധികൾക്കും വിസ അനുവദിച്ചതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.

നിലവിലെ യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധ പശ്ചാത്തലത്തിലുള്ള സുരക്ഷാ ആശങ്കകളും അനിശ്ചിതത്വങ്ങളും മുൻനിർത്തി ഇറാൻ ഫുട്ബോൾ ഫെഡറേഷൻ തങ്ങളുടെ ലോകകപ്പ് പരിശീലന ക്യാമ്പ് കഴിഞ്ഞ മാസം മാറ്റിസ്ഥാപിച്ചിരുന്നു. മുൻപ് അമേരിക്കയിലെ അരിസോണയിൽ നിശ്ചയിച്ചിരുന്ന ബേസ് ക്യാമ്പ്, യു.എസ് അതിർത്തിയോട് ചേർന്നുള്ള മെക്സിക്കൻ നഗരമായ തിജുവാനയിലേക്കാണ് മാറ്റിയത്. സാൻ ഡീഗോയ്ക്ക് തൊട്ടുതെക്കുള്ള ഈ നഗരത്തിലേക്ക് ക്യാമ്പ് മാറ്റുന്നതിനായി ഇറാൻ ഫെഡറേഷൻ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയുടെ പ്രത്യേക അനുമതിയും വാങ്ങിയിരുന്നു.

അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഇത്തവണത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ഇറാന്റെ മൂന്ന് മത്സരങ്ങളും അമേരിക്കയിലാണ് നടക്കുന്നത്. സുരക്ഷ മുൻനിർത്തി മെക്സിക്കോയിലെ ക്യാമ്പിൽ താമസിച്ച്, മത്സരദിവസങ്ങളിൽ മാത്രമായിരിക്കും ഇറാൻ ടീം അമേരിക്കയിലേക്ക് വിമാനമാർഗ്ഗം യാത്ര ചെയ്യുക.

More Stories from this section

family-dental
witywide