
ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കമ്മ്യൂട്ടർ റെയിൽ ശൃംഖലയായ ലോംഗ് ഐലൻഡ് റെയിൽ റോഡ് (എൽഐആർആർ) ശനിയാഴ്ച അർദ്ധരാത്രിയോടെ പൂർണ്ണമായി അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. ട്രെയിൻ ജീവനക്കാരുടെ യൂണിയനുകളും മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റിയും (എംടിഎ) തമ്മിൽ പുതിയ തൊഴിൽ കരാറിനെച്ചൊല്ലി മാസങ്ങളായി തുടരുന്ന തർക്കത്തിൽ അന്തിമ തീരുമാനമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ചർച്ചകൾ പരാജയപ്പെട്ടാൽ 32 വർഷത്തിനിടയിലെ ആദ്യത്തെ ട്രെയിൻ സമരത്തിനാകും ന്യൂയോർക്ക് സാക്ഷ്യം വഹിക്കുക.
പ്രതിദിനം ബാധിക്കുക 2.5 ലക്ഷം യാത്രക്കാരെ
റിപ്പോർട്ട് പ്രകാരം ഓരോ പ്രവൃത്തിദിനത്തിലും ഏകദേശം 250,000-ത്തോളം യാത്രക്കാരാണ് ഈ റെയിൽ സംവിധാനത്തെ ആശ്രയിക്കുന്നത്. സമരം യാഥാർത്ഥ്യമായാൽ ന്യൂയോർക്ക് നഗരത്തിലേക്കും കിഴക്കൻ പ്രാന്തപ്രദേശങ്ങളിലേക്കുമുള്ള യാത്ര പൂർണ്ണമായും തടസ്സപ്പെടും. ഇത് ഹൈവേകളിൽ കനത്ത ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ലോക്കോമോട്ടീവ് എഞ്ചിനീയർമാർ, മെഷീനിസ്റ്റുകൾ, സിഗ്നൽ ജീവനക്കാർ എന്നിവരടങ്ങുന്ന തൊഴിലാളി യൂണിയനുകൾ പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും കണക്കിലെടുത്ത്, നാല് വർഷത്തിനിടെ ആകെ 16 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഈ ആവശ്യം അംഗീകരിച്ചാൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കേണ്ടി വരുമെന്ന് എംടിഎ വാദിക്കുന്നു. അടുത്ത മൂന്ന് വർഷത്തേക്ക് കുറഞ്ഞത് 9.5 ശതമാനം വർദ്ധനവും നാലാം വർഷം 4.5 ശതമാനത്തിന് തുല്യമായ വർദ്ധനവും അധികൃതർ വാഗ്ദാനം ചെയ്യുന്നു.
സെപ്റ്റംബറിൽ ട്രംപ് ഭരണകൂടത്തിൻ്റെ മധ്യസ്ഥതയിൽ സമരം ഒഴിവാക്കിയെങ്കിലും അന്തിമ ധാരണയിലെത്താത്തതിനെത്തുടർന്ന് തർക്കങ്ങൾ പരിഹരിക്കാൻ നൽകിയ 60 ദിവസത്തെ സമയപരിധി ശനിയാഴ്ച പുലർച്ചെ 12:01-ഓടെ അവസാനിച്ചു. ഇതോടെ, യൂണിയനുകൾക്ക് നിയമപരമായി സമരവുമായി മുന്നോട്ട് പോകാനോ അല്ലെങ്കിൽ റെയിൽവേ ഏജൻസിക്ക് ലോക്കൗട്ട് പ്രഖ്യാപിക്കാനോ ഉള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.
സമരസാധ്യത കണക്കിലെടുത്ത് അത്യാവശ്യ ജീവനക്കാർക്കായി പരിമിതമായ സൗജന്യ ഷട്ടിൽ ബസ് സർവീസുകൾ ഒരുക്കുമെന്ന് എംടിഎ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അറിയിച്ചിട്ടുണ്ട്. യാത്രാക്ലേശം ഒഴിവാക്കാൻ സാധ്യമായ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ അഭ്യർത്ഥിച്ചു. ഈ വാരാന്ത്യത്തിൽ ന്യൂയോർക്കിൽ നടക്കുന്ന പ്രമുഖ കായിക മത്സരങ്ങളെയും ട്രെയിൻ റദ്ദാക്കൽ വൻതോതിൽ ബാധിച്ചേക്കാം. ഇതിനുമുമ്പ് 1994-ലാണ് എൽഐആർആർ ജീവനക്കാർ അവസാനമായി സമരം ചെയ്തത്.
Wage dispute unresolved: North America’s largest commuter rail network under threat of complete shutdown















