ആദ്യം ഇസ്രയേൽ ബന്ധം ശരിയാക്കണമെന്ന് അമേരിക്ക; നയതന്ത്രബന്ധം സ്ഥാപിക്കാതെ സൗദിയുമായുള്ള ആണവ കരാറില്ലെന്ന് യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്സ്

വാഷിംഗ്ടൺ: ഇസ്രായേലുമായി നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നത് വരെ സൗദി അറേബ്യയ്ക്ക് സിവിലിയൻ ആണവ പരിപാടി ലഭ്യമാക്കുന്നതിനുള്ള കരാർ പ്രാബല്യത്തിൽ വരില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്സ് വ്യക്തമാക്കി. ഈ ആഴ്ച ആദ്യമാണ് ഏറെ ശ്രദ്ധേയമായ ഈ കരാർ പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ കരാറിൽ ഒപ്പുവെച്ച് തൊട്ടടുത്ത ദിവസം തന്നെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കരാറിന് പുതിയ നിബന്ധന മുന്നോട്ടുവെക്കുകയായിരുന്നു.

മധ്യപൂർവേഷ്യയിൽ ഇസ്രായേലും അയൽരാജ്യങ്ങളും തമ്മിൽ സുദൃഢമായ നയതന്ത്രബന്ധം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ‘അബ്രഹാം ഉടമ്പടിയിൽ’ (അബ്രഹാം അക്കോർഡ്സ്) സൗദി അറേബ്യ ആദ്യം പങ്കാളികളാകണമെന്ന് ട്രംപ് കർശനമായി ആവശ്യപ്പെട്ടു. എന്നാൽ ചരിത്രപരമായി ഇത്തരം നീക്കങ്ങളോട് വിമുഖത കാണിക്കുന്ന നിലപാടാണ് സൗദി അറേബ്യ സ്വീകരിച്ചിട്ടുള്ളത്. എൻബിസിയുടെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിലെ അഭിമുഖത്തിനിടെ കരാറിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് യുഎസ് അംബാസഡർ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയത്.

കരാറിന്റെ അടിസ്ഥാന തത്വങ്ങൾ മാറ്റമില്ലാതെ നിലനിൽക്കുന്നുണ്ടെങ്കിലും ഇസ്രായേലുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് സൗദിയുമായി ചർച്ചകൾ നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ബന്ധങ്ങൾ സാധാരണ നിലയിലാകാതെ കരാർ പൂർണ്ണമായി നടപ്പിലാക്കില്ലെന്നും അംബാസഡർ ആവർത്തിച്ചു. ആണവ സാങ്കേതികവിദ്യക്കായി റഷ്യയെയോ ചൈനയെയോ സമീപിക്കാൻ സൗദിക്ക് അവസരമുണ്ടായിരുന്നെങ്കിലും അവർ അമേരിക്കയെയാണ് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദിക്ക് മുന്നിൽ മറ്റ് വഴികളുണ്ടായിരുന്നെങ്കിലും അവർ അമേരിക്കൻ കമ്പനികളെയും തൊഴിലാളികളെയുമാണ് ഇതിനായി തെരഞ്ഞെടുത്തതെന്നും, എന്നാൽ ഈ പദ്ധതിയുടെ ഭാഗമായി ആണവ സമ്പുഷ്ടീകരണ പ്രക്രിയകളൊന്നും വിഭാവനം ചെയ്തിട്ടില്ലെന്നും വാൾട്സ് കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide