ടെഹ്‌റാന്‍: നാവിക ഉപരോധം തുടര്‍ന്നാല്‍ യുഎസ് സൈനിക കപ്പലുകള്‍ക്ക് നേരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇറാന്‍ സൈന്യത്തിൻ്റെ മുന്നറിയിപ്പ്. ഹോര്‍മുസില്‍ ബദല്‍ ജലപാത ഉപയോഗിച്ചതിന് അമേരിക്കയുടെ മൂന്ന് കപ്പലുകളടക്കം ആറ് കപ്പലുകള്‍ ആക്രമിച്ചതായാണ് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ അവകാശവാദം. അമേരിക്കയുമായി ബന്ധമുള്ള മൂന്ന് കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും ഐ ആര്‍ ജി സി യുടെ അവകാശപ്പെട്ടു.
ഇന്നലെ ഖാര്‍ഗ് ദ്വീപില്‍ ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എന്നാൽ, രണ്ട് അമേരിക്കന്‍ പടക്കപ്പലുകള്‍ക്കു നേരെ ഇന്നലെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകള്‍ അമേരിക്ക ആക്രമിച്ചത്. ഇറാന്റെ മുഴുവന്‍ എണ്ണക്കപ്പലുകളും നശിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ് സേത്ത് വ്യക്തമാക്കി.
അതേസമയം, വിവിധ രാജ്യങ്ങളുടെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങളും നടക്കുന്നുണ്ട്. തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍ ഇന്നലെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായി ഫോണില്‍ സംസാരിച്ചു. അമേരിക്കയുമായി നടത്തിയ ഏറ്റവും പുതിയ സമാധാനചര്‍ച്ചകളെക്കുറിച്ചും ഇനിയും പരിഹരിക്കാനുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ഇരുനേതാക്കളും തമ്മില്‍ സംസാരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
Warning of further retaliation; Iran attacks six ships, including an American vessel.











