ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടയിൽ ഇറാൻ നേരിടുന്നത് കനത്ത സുരക്ഷാ ഭീഷണിയോ? പാളയത്തിലും പട? വ്യോമപാത അടച്ചു

ടെഹ്‌റാൻ: ഇസ്രയേൽ-അമേരിക്ക സംയുക്ത വ്യോമാക്രമണത്തിൽ വധിക്കപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെ, രാജ്യത്തിന് നേരെ ഉണ്ടാകാൻ സാധ്യതയുള്ള സുരക്ഷാ ഭീഷണികളെ കരുതി അതീവ ജാഗ്രതയിലാണ് ഇറാൻ. വരും ദിവസങ്ങളിൽ രാജ്യത്തെ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങളുണ്ടായാൽ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന തരത്തിലുള്ള അതിശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാൻ്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമേനി ഇസ്രായേലിൻ്റെ വധപ്പട്ടികയിലുണ്ടെന്ന ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാൻ്റെ ഈ കടുത്ത മുന്നറിയിപ്പ്. യുദ്ധത്തിൻ്റ ആദ്യ ദിനത്തിൽ പിതാവും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതിന് ശേഷം മൊജ്തബ ഖമേനി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് ഈ ചടങ്ങിലായിരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അദ്ദേഹം പങ്കെടുക്കില്ലെന്ന് ഇറാൻ അധികൃതർ പറയുമ്പോഴും ലോകം ഉറ്റുനോക്കുന്നുണ്ട്.

ദശലക്ഷക്കണക്കിന് ഇറാൻ ജനതയും നിരവധി വിദേശ പ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങായതിനാൽ വൻ സുരക്ഷാ സന്നാഹമാണ് ടെഹ്‌റാനിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷ മുൻനിർത്തി തിങ്കളാഴ്ച ടെഹ്‌റാനിലെ വ്യോമപാത പൂർണ്ണമായും അടച്ചിടും. ചടങ്ങിൽ പരസ്യമായി പങ്കെടുക്കുന്ന മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർക്കും നേതാക്കൾക്കും നേരെ വധശ്രമങ്ങൾ ഉണ്ടായേക്കുമെന്ന് സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നു.

അമേരിക്ക, ഇസ്രായേൽ തുടങ്ങിയ വിദേശ ശക്തികളിൽ നിന്നുള്ള വ്യോമ-കര ഭീഷണികൾക്ക് പുറമെ ഇറാൻ കനത്ത ആഭ്യന്തര വെല്ലുവിളികളും നേരിടുന്നുണ്ട്. രാജ്യത്തിനുള്ളിലെ കുർദിഷ് വിമതർ, അറബ്-ബലൂച് വിഘടനവാദികൾ എന്നിവർ സുരക്ഷാ ഏജൻസികൾക്ക് വലിയ തലവേദനയാണ്. രാജ്യത്ത് മുൻപും നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുള്ള, നിലവിൽ നാടുകടത്തപ്പെട്ട മുജാഹിദീൻ-ഇ ഖൽഖ് എന്ന സംഘടനയിൽ നിന്നുള്ള ഭീഷണിയും ഇറാൻ ഭയപ്പെടുന്നു.

കനത്ത സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും, തലസ്ഥാന നഗരിയിൽ ഐആർജിസി ചീഫ് ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ടെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നുണ്ട്. തങ്ങളുടെ സുരക്ഷാ സംവിധാനങ്ങളിൽ പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നാണ് ഇറാൻ്റെ നിലപാട്.

Is Iran facing a major security threat during Khamenei’s funeral

More Stories from this section

family-dental
witywide