
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ സൈന്യവും ഇറാൻ വിപ്ലവ ഗാർഡ്‌സും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ അമേരിക്കൻ യുദ്ധക്കപ്പലുകളിൽ നിന്ന് കുറഞ്ഞത് 10 മൈൽ ദൂരമെങ്കിലും അകലം പാലിക്കണമെന്ന് ഇറാൻ വിപ്ലവ ഗാർഡ്‌സ് നേവി ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര കപ്പലുകൾ അടിയന്തര ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന വി.എച്ച്.എഫ് ചാനൽ 16 വഴിയാണ് ഇറാൻ ഈ സന്ദേശം കൈമാറിയത്. സി.എൻ.എൻ പുറത്തുവിട്ട ഓഡിയോ റെക്കോർഡിംഗിലാണ് ഇറാന്റെ ഈ കർശനമായ താക്കീതുള്ളത്.
അമേരിക്കൻ സൈന്യത്തെ “യാങ്കികൾ” എന്ന് വിശേഷിപ്പിച്ച ഇറാൻ നേവി, അവരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാഠം പഠിപ്പിക്കേണ്ടി വരുമെന്നും അതിനാൽ സുരക്ഷ കണക്കിലെടുത്ത് മറ്റ് കപ്പലുകൾ മാറിനിൽക്കണമെന്നും അറിയിച്ചു. വ്യാഴാഴ്ച രാത്രി മേഖലയിലുണ്ടായ വെടിവെപ്പിനും സംഘർഷങ്ങൾക്കും പിന്നാലെയാണ് ഈ നീക്കം. കടലിടുക്കിന്റെ വടക്കൻ ഭാഗത്തുള്ള കപ്പലുകളോട് ദുബായ് തീരത്തേക്ക് നീങ്ങാൻ ഇറാൻ ആവശ്യപ്പെട്ടതായും ഇതിനെത്തുടർന്ന് ചരക്കുകപ്പലുകൾ കൂട്ടത്തോടെ തെക്കൻ മേഖലയിലേക്ക് മാറിയതായും സമുദ്ര വ്യാപാര മേഖലയിലുള്ളവർ സ്ഥിരീകരിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോർമുസ് കടലിടുക്കിൽ ഇരുവിഭാഗവും തമ്മിൽ കടുത്ത വെടിവെപ്പ് തുടരുന്നതായാണ് റിപ്പോർട്ടുകൾ. സമാധാന ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും സമുദ്രപാതയിലെ ആധിപത്യത്തിനായി അമേരിക്കയും ഇറാനും നടത്തുന്ന ഈ ബലപരീക്ഷണം ആഗോള എണ്ണവ്യാപാരത്തെയും കപ്പൽ ഗതാഗതത്തെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അന്താരാഷ്ട്ര ഏജൻസികൾ കപ്പലുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.











