രാഹുലിന്റെ പരിഹാസത്തിന് പിന്നാലെ സ്ഥിരീകരണം; ജയശങ്കർ- മാർക്കോ റൂബിയോ കൂടിക്കാഴ്ച 20ന് മുംബൈയിൽ

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഒക്ടോബർ 20ന് മുംബൈയിൽ കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. റൂബിയോയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരിഹാസമുന്നയിച്ചതിന് പിന്നാലെയാണ് സ്ഥിരീകരണം.

ഒക്ടോബർ 19, 20 തീയതികളിൽ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനെയും ജയശങ്കർ മുംബൈയിൽ സ്വീകരിക്കും. 20ന് റൂബിയോയുമായി ചർച്ച നടത്തുന്നതിനൊപ്പം അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യവാർഷികാഘോഷത്തിലും ജയശങ്കർ വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. വിദേശരാജ്യങ്ങളിലെ ഉന്നത പ്രതിനിധികളെ ഡൽഹിക്ക് പുറത്തുവച്ച് സ്വീകരിക്കുന്നത് അസാധാരണമല്ലെന്നും കഴിഞ്ഞ പത്തുവർഷമായി ഇത്തരം സന്ദർശനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ടെന്നും ജയ്‌സ്വാൾ പറഞ്ഞു.

സ്പെയിൻ പ്രധാനമന്ത്രിയെ വഡോദരയിലും ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിനെ അഹമ്മദാബാദിലും മൗറീഷ്യസ് പ്രധാനമന്ത്രിയെ വാരാണസിയിലും പ്രധാനമന്ത്രി സ്വീകരിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോവയിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗവും ഗുജറാത്തിലെ കെവാഡിയയിൽ ബോട്സ്വാന വിദേശകാര്യ മന്ത്രിയുടെ സന്ദർശനവും അമൃത്സറിൽ ഹാർട്ട് ഓഫ് ഏഷ്യ സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റൂബിയോയുടെ മുംബൈ സന്ദർശനത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് വ്യക്തതയില്ലെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി വെള്ളിയാഴ്ച എക്സിൽ കുറിപ്പ് പങ്കുവച്ചിരുന്നു. “റൂബിയോ തന്റെ ജീവനക്കാരനെ മുംബൈയിലേക്ക് വിളിച്ചുവരുത്തിയിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ നിങ്ങളുടെ ഉദ്യോഗസ്ഥർക്ക് എന്താണ് നടക്കുന്നതെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. മോദിജി, നിങ്ങൾക്കത് വിശദീകരിക്കാം. അല്ലെങ്കിൽ ഞാൻ വിശദീകരിക്കണോ?” എന്നായിരുന്നു രാഹുലിന്റെ പരിഹാസം.

ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ, ജയശങ്കർ മുംബൈയിൽ റൂബിയോയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നതായി അറിയിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് വിമർശനം ശക്തമാക്കിയത്. കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് പകരം യുഎസ് അംബാസഡർ വെളിപ്പെടുത്തുന്നതിനെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദ്യം ചെയ്തിരുന്നു.

ഊർജമേഖലയിലെ സഹകരണം ശക്തമാക്കുന്നതിനായി റൂബിയോ ഒക്ടോബർ 17 മുതൽ 22 വരെ ഇന്ത്യ സന്ദർശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിലെ സന്ദർശനത്തിനുശേഷം മുംബൈയും ജാംനഗറും സന്ദർശിക്കുന്നതാണ് അദ്ദേഹത്തിന്റെ പരിപാടി.

MEA confirms Jaishankar-Rubio talks in Mumbai after Rahul’s jibe over India visit

More Stories from this section

family-dental
witywide