അപ്പോളോ ദൗത്യത്തിനിടെ ചന്ദ്രനിൽ കണ്ട ആ പ്രകാശം എവിടെ നിന്നുവന്നു? പെൻ്റഗൺ പുറത്തുവിട്ട ദശകങ്ങൾ പഴക്കമുള്ള രഹസ്യരേഖകളിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

വാഷിംഗ്ടൺ: “ഭൂമിക്ക് പുറത്ത് നമ്മൾ ഒറ്റയ്ക്കാണോ? ദശകങ്ങളായി ലോകം ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരം നൽകുന്ന നിർണ്ണായക രേഖകൾ യുഎസ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ചന്ദ്രനിൽ കാലുകുത്തിയ ബഹിരാകാശ സഞ്ചാരികൾ മുതൽ യുദ്ധക്കളത്തിലെ സൈനികർ വരെ കണ്ട അജ്ഞാത വസ്തുക്കളുടെയും വിശദീകരിക്കാനാകാത്ത പ്രകാശങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ദശകങ്ങളായി അമേരിക്കൻ പ്രതിരോധ മന്ത്രാലയം രഹസ്യമായി സൂക്ഷിച്ചിരുന്ന അജ്ഞാത പറക്കും വസ്തുക്കളെ (UFO) സംബന്ധിച്ച നിർണ്ണായക രേഖകളാണ് പെന്റഗൺ പുറത്തുവിട്ടിരിക്കുന്നത്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നിർദ്ദേശപ്രകാരം പരസ്യപ്പെടുത്തിയ 161 ഫയലുകളിൽ, ബഹിരാകാശ സഞ്ചാരികളും സാധാരണക്കാരും നേരിട്ട വിചിത്രമായ അനുഭവങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്.

ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയ അപ്പോളോ ദൗത്യങ്ങളിലെ സഞ്ചാരികളുടെ വെളിപ്പെടുത്തലുകളാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. അപ്പോളോ 11 ദൗത്യത്തിനിടെ വിശദീകരിക്കാനാകാത്ത പ്രകാശസ്രോതസ്സുകൾ കണ്ടതായി ബസ് ആൽഡ്രിൻ റിപ്പോർട്ട് ചെയ്തിരുന്നു. അപ്പോളോ 12-ലെ അലൻ ബീൻ ബഹിരാകാശത്ത് തിളങ്ങുന്ന കണികകൾ പറന്നുനടക്കുന്നത് കണ്ടതായും രേഖകൾ വ്യക്തമാക്കുന്നു.1972-ലെ അപ്പോളോ 17 ദൗത്യത്തിനിടെ പേടകത്തിന് പുറത്ത് വലിയ തോതിൽ വെളിച്ചം മിന്നുന്നത് കണ്ട സഞ്ചാരികൾ, “ഇവിടെ വെടിക്കെട്ട് (Fourth of July) നടക്കുന്നത് പോലെ തോന്നുന്നു” എന്നാണ് നാസ കൺട്രോൾ റൂമിനെ അറിയിച്ചത്. അത് ഐസ് കഷ്ണങ്ങളിൽ നിന്നുള്ള പ്രതിഫലനമാകാം എന്നും സംശയിക്കുന്നു. 1965-ലെ ജെമിനി 7 ദൗത്യത്തിനിടെ തിരിച്ചറിയാനാകാത്ത ഒരു വസ്തു (Bogey) പേടകത്തിന് സമീപം കണ്ടതായി ഫ്രാങ്ക് ബോമാനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പുറത്തുവിട്ട ഫയലുകളിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ഡസൻ കണക്കിന് വ്യക്തിഗത റിപ്പോർട്ടുകളും ഉൾപ്പെടുന്നു. 1957-ൽ നടന്ന ഒരു അഭിമുഖത്തിൽ, വലിയ വൃത്താകൃതിയിലുള്ള ഒരു വാഹനം നിലത്തുനിന്ന് ഉയർന്നുപൊങ്ങുന്നത് കണ്ടതായി ഒരാൾ എഫ്ബിഐയോട് വെളിപ്പെടുത്തിയതായി ഒരു ഫയൽ വ്യക്തമാക്കുന്നു. കൂടാതെ, 2023 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ അമേരിക്കൻ പൗരന്മാർ റിപ്പോർട്ട് ചെയ്ത വിവരങ്ങളും ഇതിലുണ്ട്; തിളക്കമുള്ള പ്രകാശത്തിൽ നിന്ന് ലോഹനിർമ്മിതമായ വസ്തുക്കൾ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത് കണ്ടതായാണ് ഇവർ അവകാശപ്പെടുന്നത്.

2022-ൽ മിഡിൽ ഈസ്റ്റിൽ നിന്ന് യുഎസ് സൈന്യം പകർത്തിയ വീഡിയോ ദൃശ്യങ്ങളും ഈ ഫയലുകളുടെ ഭാഗമാണ്. ഇറാഖ്, സിറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള ഈ ദൃശ്യങ്ങളെ “പരിഹരിക്കപ്പെടാത്ത അജ്ഞാത പ്രതിഭാസങ്ങൾ” (unresolved unidentified anomalous phenomenon) എന്നാണ് പെൻ്റഗൺ വെബ്സൈറ്റ് വിശേഷിപ്പിക്കുന്നത്. ഇതിലൊന്ന്, മിഡിൽ ഈസ്റ്റിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് 2022-ൽ പകർത്തിയ വീഡിയോ ആണ്. ആകാശത്തുകൂടി നീങ്ങുന്ന വിചിത്രമായ ഒരു “എട്ടു കോണുകളുള്ള നക്ഷത്രത്തെ” (eight-pointed star) കാണിക്കുന്ന പെൻ്റഗൺ വീഡിയോയാണിത്. ഇതിപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. രേഖകൾ പ്രകാരം, 2013-ൽ യുഎസ് സെൻട്രൽ കമാൻഡ് ഉദ്യോഗസ്ഥർ ഒരു സൈനിക പ്ലാറ്റ്‌ഫോമിലെ ഇൻഫ്രാറെഡ് സെൻസർ ഉപയോഗിച്ചാണ് ഇത് പകർത്തിയത്. ഏകദേശം രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ, നക്ഷത്രത്തിന് സമാനമായ ആകൃതിയുള്ള ഒരു തിളങ്ങുന്ന വസ്തു ആകാശത്തുകൂടി അതിവേഗത്തിൽ നീങ്ങുന്നത് കാണാം. ഈ വസ്തു എന്താണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. “വ്യത്യസ്ത നീളത്തിലുള്ള കൈകളോട് (arms) കൂടിയ, എട്ട് കോണുകളുള്ള ഒരു നക്ഷത്രത്തിന് സമാനമായ രൂപമാണ് ഈ വീഡിയോയിൽ ദൃശ്യമാകുന്നത്,” എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന വിവരണം പറയുന്നത്. ഇത് മിസൈൽ ആകാനുള്ള സാധ്യതയും റിപ്പോർട്ടിലുണ്ട്.

അതേസമയം, ഈ വിവരണങ്ങൾ വെറും പശ്ചാത്തല വിവരങ്ങൾ നൽകാൻ മാത്രമുള്ളതാണെന്നും, വിശദീകരിക്കാനാകാത്ത ഒന്നിന്റെയും തെളിവായി ഇതിനെ കാണരുതെന്നും പെൻ്റഗൺ ഒരു പ്രത്യേക കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. “വായനക്കാർ ഈ വിവരണത്തിൻ്റെ ഒരു ഭാഗത്തെയും ഒരു വിശകലനപരമായ വിധിയായോ, അന്വേഷണ നിഗമനമായോ, അല്ലെങ്കിൽ വസ്തുതാപരമായ സ്ഥിരീകരണമായോ കണക്കാക്കരുത്,” എന്നും ആ കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു.

യുഎഫ്ഒ ദൃശ്യങ്ങളെക്കുറിച്ച് സർക്കാർ കൂടുതൽ സുതാര്യത കാണിക്കണമെന്ന് ആവശ്യപ്പെടുന്ന ടെന്നസിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ടിം ബർചെറ്റ്, പെൻ്റഗണിൻ്റെ ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഇതൊരു “മികച്ച തുടക്കമാണെന്ന്” അദ്ദേഹം എക്സിൽ കുറിച്ചു. ഫ്ലോറിഡയിൽ നിന്നുള്ള കോൺഗ്രസ് അംഗം അന്ന പൗളിന ലൂണയും ഈ തീരുമാനത്തെ അഭിനന്ദിച്ചു. എന്നാൽ, മുൻ കോൺഗ്രസ് അംഗമായ മാർജറി ടെയ്‌ലർ ഗ്രീൻ ഈ നീക്കത്തെ വിമർശിച്ചു. വിലക്കയറ്റം, ഇറാനുമായുള്ള യുദ്ധം തുടങ്ങിയ ഗൗരവകരമായ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്ന് അവർ ആരോപിച്ചു. “തിളങ്ങുന്ന വസ്തുക്കളെ കാണിച്ച് ജനങ്ങളെ പറ്റിക്കുന്ന ഇത്തരം പ്രചരണങ്ങളിൽ എനിക്ക് മടുപ്പ് തോന്നുന്നു,” എന്നാണ് ഗ്രീൻ എക്സിൽ കുറിച്ചത്.

അന്യഗ്രഹ ജീവികളെക്കുറിച്ചും പറക്കും തളികകളെക്കുറിച്ചും വർദ്ധിച്ചുവരുന്ന ജനതാൽപ്പര്യം കണക്കിലെടുത്താണ് പ്രതിരോധ വകുപ്പ് ഈ നീക്കം നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ ഫയലുകൾ പരസ്യപ്പെടുത്തുമെന്നാണ് സൂചന. നേരത്തെ മുൻ പ്രസിഡൻ്റ് ബരാക് ഒബാമയും അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന് സൂചിപ്പിച്ചിരുന്നു.

What were the strange objects seen on the moon during the Apollo missions? Shocking revelations in decades-old classified documents released by the Pentagon