ഗ്രീൻ കാർഡിനായി ആരൊക്കെ അമേരിക്ക വിടണം? പുതിയ യുഎസ്‌സിഐഎസ് വിശദീകരണത്തിലും ആശയക്കുഴപ്പം

വാഷിങ്ടൺ: ഗ്രീൻ കാർഡ് അപേക്ഷിക്കുന്ന കുടിയേറ്റക്കാർ അമേരിക്ക വിട്ട് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി അവിടെ കാത്തിരിക്കണമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, നിലപാട് വിശദീകരിച്ച് അമേരിക്കൻ ഭരണകൂടം രംഗത്തെത്തിയെങ്കിലും പുതിയ വിശദീകരണവും ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച, ഗ്രീൻ കാർഡ് അപേക്ഷകർ അമേരിക്കയ്ക്ക് പുറത്തുനിന്ന് നടപടികൾ പൂർത്തിയാക്കേണ്ടിവരുമെന്ന സൂചന നൽകിയിരുന്നു. ഇതോടെ വിവിധ വ്യവസായ മേഖലകളും കുടിയേറ്റ സമൂഹങ്ങളും ആശങ്ക പ്രകടിപ്പിച്ചു. ഇതിന് പിന്നാലെയാണ് അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) വിശദീകരണവുമായി എത്തിയത്.

എല്ലാ ഗ്രീൻ കാർഡ് അപേക്ഷകരും രാജ്യം വിടേണ്ട സാഹചര്യമില്ലെന്നും ഭൂരിഭാഗം ആളുകൾക്കും അമേരിക്കയിൽ തുടരുന്നതിനിടെ അപേക്ഷ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നും വകുപ്പ് വ്യക്തമാക്കി.ഭരണകൂടം പറയുന്നതനുസരിച്ച്, ഇത് പുതിയ നയമല്ല. നിലവിലുള്ള നിയമപ്രകാരം കുടിയേറ്റ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന വിവേചനാധികാരം (discretionary authority) ഓർമ്മപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം. നിലവിൽ എച്ച്-1ബി ഉൾപ്പെടെയുള്ള തൊഴിൽ വിസകളിലുള്ളവർക്ക് അമേരിക്കയിൽ തുടരുന്നതിനിടെ തന്നെ ഗ്രീൻ കാർഡിലേക്ക് മാറാനുള്ള ‘അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ്’ (Adjustment of Status) സംവിധാനം ലഭ്യമാണ്. എന്നാൽ ഇത് എല്ലാവർക്കും സ്വാഭാവിക അവകാശമല്ലെന്നും ഓരോ കേസും പ്രത്യേകം വിലയിരുത്തുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

എന്നാൽ, ആർക്കൊക്കെ രാജ്യം വിടേണ്ടിവരുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എന്നാൽ അമേരിക്കൻ താൽപര്യങ്ങൾക്ക് അത്ര നിർണായകമല്ലാത്തവരോ രാജ്യത്ത് സംശയാസ്പദമായ രേഖകളോ നിയമപ്രശ്നങ്ങളോ ഉള്ളവരോ സ്വന്തം രാജ്യത്തേക്ക് മടങ്ങി കാത്തിരിക്കേണ്ടിവരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലുകൾ, നിയമം പാലിച്ച് അമേരിക്കയിൽ താമസിക്കുന്നവർ, രാജ്യത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾക്ക് സംഭാവന നൽകുന്നവർ എന്നിവരെ അമേരിക്കയിൽ തുടരാൻ അനുവദിക്കുമെന്നാണ് സൂചന.

അന്തിമ തീരുമാനം ഓരോ കേസും കൈകാര്യം ചെയ്യുന്ന കുടിയേറ്റ ഉദ്യോഗസ്ഥരായിരിക്കും എടുക്കുക. അപേക്ഷകൻ അമേരിക്കയിൽ തുടരണമോ സ്വന്തം രാജ്യത്തേക്ക് മടങ്ങണമോ എന്ന് ഉദ്യോഗസ്ഥർക്ക് തീരുമാനിക്കാം. പുതിയ അറിയിപ്പും തുടർന്ന് നൽകിയ വിശദീകരണവും യഥാർത്ഥത്തിൽ എന്ത് മാറ്റമാണ് കൊണ്ടുവന്നതെന്ന് ഇപ്പോഴും വ്യക്തമല്ലെന്നാണ് കുടിയേറ്റ നിയമ വിദഗ്ധരുടെ അഭിപ്രായം. പുതിയ നിയമം നിലവിൽ വന്നിട്ടുണ്ടോ, അതിന്റെ പ്രായോഗിക ഫലങ്ങൾ എന്തായിരിക്കും തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അവർ പറയുന്നു.

Who has to leave US for Green Card and who doesn’t: New USCIS rule, clarification explained

More Stories from this section

family-dental
witywide