
ജറുസലേം: അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനുമായി നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെയും, ആവശ്യമെന്ന് തോന്നിയാൽ ഇറാനെ വീണ്ടും ആക്രമിക്കാൻ മടിക്കില്ലെന്ന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. 2006-ലെ ലെബനൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ അനുസ്മരണച്ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്ത രണ്ട് വലിയ ആക്രമണങ്ങൾ ഇസ്രായേൽ ഇതിനകം നടത്തിയിട്ടുണ്ടെന്നും സാഹചര്യം ആവശ്യപ്പെട്ടാൽ മൂന്നാമതും സൈനിക നടപടി സ്വീകരിക്കുമെന്നും കാറ്റ്സ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും ഇസ്രായേൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലെബനൻ, സിറിയ, ഗാസ എന്നിവിടങ്ങളിലെ സുരക്ഷാ മേഖലകളിൽ ഇസ്രായേൽ സൈന്യം അനിശ്ചിതകാലത്തേക്ക് തുടരാനാണ് നിലവിലെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങൾക്കെതിരായ ഭീഷണികൾ പൂർണമായി ഇല്ലാതാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും പ്രതിരോധ മന്ത്രി അവകാശപ്പെട്ടു.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ പുതിയ പ്രസ്താവന. ഇത് പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള സാങ്കേതികതല ചർച്ചകൾ ഖത്തറിന്റെ മധ്യസ്ഥതയിൽ ദോഹയിൽ ആരംഭിച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ദോഹയിൽ എത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ച നിലവിൽ ഉണ്ടാകില്ലെന്ന് ഖത്തർ വ്യക്തമാക്കി.
മധ്യസ്ഥർ വഴിയാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നത്. സാങ്കേതിക വിഷയങ്ങളിൽ പുരോഗതി കൈവരിച്ച ശേഷമാകും ഉന്നതതല നേരിട്ടുള്ള ചർച്ചകളുടെ സാധ്യത പരിഗണിക്കുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സമാധാന കരാറിലേക്കുള്ള ചർച്ചകൾക്ക് കൂടുതൽ സമയം വേണ്ടിവരുമെന്ന വിലയിരുത്തലാണ് നയതന്ത്ര വൃത്തങ്ങൾ നടത്തുന്നത്.













