
അങ്കാറ: യൂറോപ്യൻ രാജ്യങ്ങളിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികരുടെ എണ്ണം ഇനിയും കുറയ്ക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദോഗാനുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടയിലാണ്, “നമുക്ക് നോക്കാം” എന്ന് മാത്രം പ്രതികരിച്ചുകൊണ്ട് ട്രംപ് ഈ വിഷയത്തിൽ നിഗൂഢത നിലനിർത്തിയത്.
ഇതോടൊപ്പം തന്നെ നാറ്റോ സഖ്യത്തിനെതിരെ കടുത്ത വിമർശനം ആവർത്തിച്ച ട്രംപ്, ഈ ആഗോള ഉച്ചകോടിയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുന്നതിനെക്കുറിച്ച് പോലും താൻ ചിന്തിച്ചിരുന്നതായി വെളിപ്പെടുത്തി. നാറ്റോ സഖ്യത്തിന്റെ നിലപാടുകളിൽ താൻ അതീവ നിരാശനാണെന്നും, തന്റെ സുഹൃത്തും ശക്തനായ നേതാവുമായ ഉർദുഗാൻ നയിക്കുന്ന തുർക്കിയിൽ വെച്ചല്ല ഈ ഉച്ചകോടി നടന്നിരുന്നതെങ്കിൽ താൻ ചിലപ്പോൾ ഇതിൽ പങ്കെടുക്കുമായിരുന്നില്ലെന്നും ട്രംപ് തുറന്നടിച്ചു.
ഉർദോഗാൻ ഈ സമ്മേളനത്തിനായി വലിയ ഒരുക്കങ്ങൾ നടത്തിയതുകൊണ്ട് മാത്രമാണ് താൻ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ പങ്കാളികളാകാൻ നാറ്റോ സഖ്യകക്ഷികൾ വിസമ്മതിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിലുള്ള അമർഷം കാരണം യൂറോപ്പിലുള്ള അമേരിക്കൻ സൈനികരുടെ എണ്ണത്തിൽ മൂന്നിലൊന്ന് കുറവ് വരുത്താൻ ട്രംപ് രഹസ്യ ചർച്ചകൾ നടത്തിയതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ അമേരിക്കയുടെ സൈനിക സാന്നിധ്യത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങൾ.















