
ന്യൂയോർക്ക്: അമേരിക്കയിലെ പ്രശസ്തമായ സ്റ്റാച്യൂ ഓഫ് ലിബേർട്ടിക്ക് സമീപം ന്യൂയോർക്ക് ഹാർബറിൽ ബോട്ട് മറിഞ്ഞ് സ്ത്രീയും അഞ്ചുമാസം പ്രായമുള്ള പെൺകുഞ്ഞും ദാരുണമായി മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ബോട്ട് ഓപ്പറേറ്ററായ 46-കാരനായ മാൻഹട്ടൻ സ്വദേശിയെ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. യാത്രാക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ അശ്രദ്ധമായി ബോട്ട് ഓടിച്ചതിന് ഇയാൾക്കെതിരെ 13 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10:25 ഓടെയാണ് അപകടമുണ്ടായത്. ലിബർട്ടി ഐലൻഡിന് സമീപം ബോട്ട് മറിഞ്ഞതായി പോലീസിന് അടിയന്തര സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് യു.എസ്. കോസ്റ്റ് ഗാർഡ്, ഫയർ ഡിപ്പാർട്ട്മെന്റ്, പൊലീസ് എന്നിവരുടെ ബോട്ടുകളും ഹെലികോപ്റ്ററും ഉൾപ്പെടെ വൻ സന്നാഹം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടസമയത്ത് സമീപത്തുണ്ടായിരുന്ന ‘സീ ദ സിറ്റി’ (Sea the City) എന്ന ടൂർ ബോട്ടിലെ ജീവനക്കാർ ഉടൻ തന്നെ ഇടപെട്ട് വെള്ളത്തിൽ വീണ 11 പേരെ രക്ഷപെടുത്തി. ആദ്യഘട്ടത്തിൽ രക്ഷപെടുത്തിയ 12 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ പിന്നീട് പൊലീസ് ഡൈവർമാർ നടത്തിയ തിരച്ചിലിലാണ് 27 വയസ്സുള്ള സ്ത്രീയെയും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെയും വെള്ളത്തിനടിയിൽ നിന്ന് കണ്ടെത്തിയത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അപകടത്തിൽപ്പെട്ട ബോട്ട് നിയമവിരുദ്ധമായാണോ സർവീസ് നടത്തിയിരുന്നതെന്ന് കോസ്റ്റ് ഗാർഡ് അന്വേഷിച്ചുവരികയാണ്. ആവശ്യമായ സുരക്ഷാ ഉപകരണങ്ങളോ, പരിശോധനാ സർട്ടിഫിക്കറ്റോ, കൃത്യമായ യോഗ്യതാ രേഖകളോ ഇല്ലാതെയാണ് ബോട്ട് പ്രവർത്തിച്ചിരുന്നതെങ്കിൽ ഓപ്പറേറ്റർക്കെതിരെ കൂടുതൽ ശക്തമായ നിയമനടപടികൾ ഉണ്ടാകും. സമയബന്ധിതമായി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മറ്റ് ഏജൻസികളോടും സന്നദ്ധപ്രവർത്തകരോടും യു.എസ്. കോസ്റ്റ് ഗാർഡ് ക്യാപ്റ്റൻ ഡോറീൻ മക്കാർത്തി നന്ദി അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Woman and five-month-old baby die after boat capsizes in New York: Boat operator arrested















