
ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് കാണാൻ യുഎസിൽ എത്തുന്നവരുടെ പോക്കറ്റ് കാലിയാകുമെന്ന് ഉറപ്പ്. യുഎസിലെ പല വേദികളിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ ഫുട്ബോൾ ആരാധകരുടെ പണം മുഴുവൻ കാലിയാക്കുന്ന പ്രധാനപ്പെട്ട സംഗതി ആകാശം മുട്ടുന്നയാത്ര നിരക്കുകളാണ്.
ന്യൂയോർക്ക് സിറ്റിയിൽ നിന്ന് മെറ്റ്ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകണമെങ്കിൽ റൗണ്ട് ട്രിപ്പ് ട്രെയിന് 150 ( 12,500രൂപ) ഡോളർ നിരക്കിൽ ചെലവഴിക്കേണ്ടിവരുമെന്ന് ഗതാഗത ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.
മാൻഹട്ടനിലെ പെൻ സ്റ്റേഷനിൽ നിന്ന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റഥർഫോർഡിലുള്ള സ്റ്റേഡിയത്തിലേക്ക് വെറും 14 കിലോമീറ്റർ മാത്രമാണ് ദൂരം. സാധാരണ 13 ഡോളർ കൊടുത്താൽ ട്രെയിനിനോ ബസിനോ എത്താവുന്ന ദൂരം. 15 മിനിറ്റ് മാത്രം യാത്ര. അതിനാണ് 12 മടങ്ങ് കൂടുതൽ ടിക്കറ്റ് നിരക്ക് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
മിക്ക ആരാധകർക്കും ഓൺ-സൈറ്റ് പാർക്കിംഗ് ലഭ്യമാകില്ല, അതിനാൽ ഓരോ മത്സരത്തിനും ഏകദേശം 40,000 ആരാധകർ മാസ് ട്രാൻസിറ്റ് ഉപയോഗിക്കുമെന്ന് ന്യൂജേഴ്‌സി ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു. ന്യൂ ജേഴ്സി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ജൂലൈ 19-ന് നടക്കുന്ന ടൂർണമെന്റ് ഫൈനൽ ഉൾപ്പെടെ എട്ട് ലോകകപ്പ് മത്സരങ്ങൾ നടക്കും.
ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കാനുള്ള ചെലവ് ഫിഫ വഹിക്കുന്നില്ലെന്ന് ന്യൂജേഴ്സി ഗവർണർ മൈക്കി ഷെറിൽ ആരോപിച്ചു. നികുതിപ്പണം ഇതിനായി ചിലവാക്കാൻ കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കി.
ആതിഥേയ നഗരങ്ങൾ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നതാണെന്നും ഇത്തരം ഉയർന്ന നിരക്ക് സാമ്പത്തിക നേട്ടത്തെ ബാധിക്കുമെന്നും ഫിഫ പ്രതികരിച്ചു.
ന്യൂയോർക്ക് ഗവർണറും മറ്റ് ഡെമോക്രാറ്റിക് നേതാക്കളും ഈ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു. ലോകകപ്പ് ഫൈനൽ കാണാനെത്തുന്നവരെ പിഴിഞ്ഞുള്ള ഈ നീക്കം മേഖലയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് ഇവരുടെ പക്ഷം. 2026 ജൂലൈ 19-നാണ് ഫൈനൽ മത്സരം നടക്കുന്നത്.
;















