ന്യൂഡൽഹി: ഗ്ലോബൽ സൗത്ത് രാജ്യങ്ങളുമായി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ അഞ്ച് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. വളർന്നുവരുന്ന വിപണികളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സുസ്ഥിരമായ വ്യവസായ-വിതരണ ശൃംഖലകൾ നിലനിർത്താനും ബ്രിക്സ് അംഗങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള സഹകരണവും സാമ്പത്തിക വികസനവും ലക്ഷ്യമിട്ട് ഒരു സംയോജിത വിപണി രൂപീകരിക്കണമെന്നും അദ്ദേഹം വ്യക്തമാാക്കി.
ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വ്യാപാരം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നിർമാണം, ടാലന്റ് വികസനം എന്നീ അഞ്ച് മേഖലകളെ കേന്ദ്രീകരിച്ചാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. ഓപ്പൺ സോഴ്സ് എ.ഐ സംരംഭത്തിന് കീഴിൽ ഒരു ബ്രിക്സ് എ.ഐ ഓപ്പൺ സോഴ്സ് കമ്മ്യൂണിറ്റി സ്ഥാപിക്കാനും ലാർജ് ലാംഗ്വേജ് മോഡലുകളിൽ സഹകരിക്കാനും ഇതിൽ നിർദേശമുണ്ട്. കൂടാതെ വ്യാപാര സഹകരണത്തിനായി പ്രത്യേക സാമ്പത്തിക മേഖല പങ്കാളിത്തവും സർവീസ് വ്യാപാര ഫോറവും, ഡിജിറ്റൽ ഇക്കോസിസ്റ്റം ക്ലൗഡ് പ്ലാറ്റ്‌ഫോം നിർമിക്കാനും സ്മാർട്ട് ഫാക്ടറികൾ വികസിപ്പിക്കാനും എൻജിനീയർമാർക്കുള്ള പരിശീലന കൂട്ടായ്മ രൂപീകരിക്കാനും ചൈന നിർദേശിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിഷയങ്ങളിൽ നിയമവാഴ്ച സംരക്ഷിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ ഇരട്ടത്താപ്പുകളില്ലാതെ എല്ലാവർക്കും ഒരുപോലെ ബാധകമാക്കണമെന്നും ഷി ജിൻപിങ് ചൂണ്ടിക്കാട്ടി. ‘ശക്തിയുള്ളവന്റെ ഭാഗമാണ് ശരി’ എന്ന സമീപനം ഒഴിവാക്കണമെന്ന് പറഞ്ഞ അദ്ദേഹം, പരമാധികാരം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ, തർക്കങ്ങളുടെ സമാധാനപരമായ പരിഹാരം എന്നിവ സംയുക്തമായി ഉയർത്തിപ്പിടിക്കാൻ ഗ്ലോബൽ സൗത്ത് രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.
Xi Jinping Calls for Stronger ‘Global South’ Cooperation, Announces 5 Projects at BRICS











