അമേരിക്കയുടെ ശ്രദ്ധ മുഴുവൻ ഇറാനിൽ, യുക്രൈനെ മറക്കല്ലേ എന്ന് ഓർമ്മിപ്പിച്ച് സെലെൻസ്‌കി; വലിയ അപകടമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

കീവ്: ഇറാനിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ റഷ്യൻ അധിനിവേശത്തിനെതിരെയുള്ള യുക്രൈന്റെ പോരാട്ടത്തിൽ നിന്നുള്ള ആഗോള ശ്രദ്ധ തിരിച്ചുവിട്ടിരിക്കുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കി. ഇറാൻ സംഘർഷം അവസാനിച്ചതിന് ശേഷം മാത്രമേ യുക്രൈൻ വിഷയം ചർച്ച ചെയ്യാനാകൂ എന്ന നിലപാട് വലിയ അപകടമുണ്ടാക്കുമെന്ന് അദ്ദേഹം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി. അമേരിക്കയുമായി സാങ്കേതികതലത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഇറാൻ വിഷയം പരിഹരിക്കപ്പെടുന്നത് വരെ ഉന്നതതല കൂടിക്കാഴ്ചകൾക്ക് സാധ്യത കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, മരുമകൻ ജാറെഡ് കുഷ്‌നർ എന്നിവരടങ്ങുന്ന ഒരേ നയതന്ത്ര സംഘം തന്നെ ഇറാൻ, യുക്രൈൻ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് വലിയ വെല്ലുവിളിയാണെന്ന് സെലെൻസ്‌കി ചൂണ്ടിക്കാട്ടി. ഈ രണ്ട് സുപ്രധാന വിഷയങ്ങളും കൈകാര്യം ചെയ്യുന്നത് ഒരേ ടീമായതിനാൽ യുക്രൈന്റെ കാര്യത്തിൽ അർഹമായ ശ്രദ്ധ ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിലവിൽ അമേരിക്കയുടെ മുൻഗണന ഇറാൻ യുദ്ധത്തിനാണെന്ന് താൻ മനസ്സിലാക്കുന്നുവെന്നും എന്നാൽ യുക്രൈനെ വിസ്മരിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇറാനിലെ പ്രശ്നങ്ങൾ തീരുന്നതുവരെ യുക്രൈനിലെ സമാധാന ശ്രമങ്ങൾ മാറ്റിവെക്കുന്നത് റഷ്യൻ അധിനിവേശത്തിന് കൂടുതൽ കരുത്തേകുമെന്നും യുക്രൈൻ പ്രസിഡന്റ് ആശങ്ക പ്രകടിപ്പിച്ചു. സമാധാന ചർച്ചകൾ എത്രയും വേഗം പുനരാരംഭിക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം ലോകനേതാക്കളെ ഒരിക്കൽ കൂടി ബോധ്യപ്പെടുത്തി.

More Stories from this section

family-dental
witywide