
ന്യൂയോർക്ക് നഗരത്തിലെ പ്രശസ്തമായ കുതിരവണ്ടി സവാരി അവസാനിപ്പിക്കാൻ മേയർ സൊഹ്റാൻ മംദാനിയും സിറ്റി കൗൺസിൽ സ്പീക്കർ ജൂലി മെനിനും ധാരണയിലെത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ളതും സെൻട്രൽ പാർക്കിന്റെ പാരമ്പര്യത്തിന്റെ ഭാഗവുമായ കുതിരവണ്ടി സവാരിക്കാണ് ഇതോടെ അവസാനമാകുന്നത്. കുതിരയുടെ ആക്രമണത്തിൽ കൗമാരക്കാരനായ വിനോദസഞ്ചാരി മരിച്ചതിനെത്തുടർന്ന് ഈ രീതിക്കെതിരെ വീണ്ടും വിമർശനം ഉയർന്നിരുന്നു.
ന്യൂയോർക്ക് നഗരത്തിലെ കുതിരവണ്ടി വ്യവസായം അവസാനിക്കുകയാണ്. തൊഴിലാളികളുടെയും ഉടമകളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം കുതിരകളുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് മംദാനി എക്സിൽ കുറിച്ചു.
2028 ജൂൺ മുതൽ ന്യൂയോർക്കിലെ അഞ്ച് ബറോകളിലും കുതിരവണ്ടികളുടെ പ്രവർത്തനം നിയമവിരുദ്ധമാക്കുന്നതിനുള്ള ബിൽ അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് ജൂലി മെനി അറിയിച്ചു. ഒക്ടോബർ 22ന് സിറ്റി കൗൺസിലിൽ വോട്ടെടുപ്പ് നടത്താനിരിക്കെ മംദാനി ഭരണകൂടം ബില്ലിന്റെ ഉള്ളടക്കം പരിശോധിച്ച് അംഗീകാരം നൽകിയതായി കൗൺസിൽ വക്താവിനെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു.
18കാരനായ റൊമാൻച് മഹാജന്റെ ദാരുണവും ഒഴിവാക്കാനാകുമായിരുന്നതുമായ മരണം നിലവിലെ രീതി തുടരാനാകില്ലെന്ന് വ്യക്തമാക്കിയതായി ജൂലി മെനി ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ് കുതിരവണ്ടികൾ. എന്നാൽ, തിരക്ക് വർധിച്ചുവരുന്ന സെൻട്രൽ പാർക്കിൽ ഈ പാരമ്പര്യം പൊതുസുരക്ഷയ്ക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് എന്നും ജൂലി മെനി പ്രസ്താവനയിൽ വ്യക്തമാക്കി.
Zohran Mamdani to ban NYC’s iconic horse-drawn carriages after teenage tourist’s death











