കാട്ടാന ഒറ്റി, ചാരായ വാറ്റുകേന്ദ്രം എക്സൈസ് പിടിച്ചു

നിലമ്പൂര്‍: നല്ല വെടിപ്പായി വാഷ് കുടിച്ച് ഫിറ്റായ കാട്ടാന നേരംവെളുത്തിട്ടും വെളിവില്ലാതെ ജനവാസ കേന്ദ്രത്തില്‍ കറങ്ങി നടന്നു. തിരിച്ചു പോകാത്ത ആനയെ കണ്ട എക്സൈസ് സംഘം പ്രദേശത്ത് തിരച്ചില്‍ നടത്തി. ആനയുടെ കാല്‍പ്പാട് പിന്തുടര്‍ന്ന് മലകയറി എത്തിയത് ചാരായം വാറ്റ് കേന്ദ്രത്തില്‍.

കഴിഞ്ഞ 18ാം തീയതിയാണ് സംഭവം. ചാലിയാര്‍ വെങ്ങാട് പട്ടിക വര്‍ഗ കോളനിയില്‍ കറങ്ങി നില്‍ക്കുന്ന ആനയെ കണ്ട് ആദിവാസികളാണ് ആന വാഷ് കുടിച്ചെന്നു മനസ്സിലാക്കിയത്. വിവരമറിഞ്ഞ ജനമൈത്രി പൊലീസ് സംഘം സ്ഥലത്ത് എത്തി. രാത്രി നാട്ടിലിറങ്ങിയ ആന രാവിലെ തിരികെ കാടുകയറാതെ ഉച്ചയായിട്ടും നാട്ടില്‍ തന്നെ കിറുങ്ങി നില്‍ക്കുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു.

തുടര്‍ന്ന് എക്സൈസിനെ വിവരം അറിയിച്ചു . പൊലീസും എക്സൈസും സംയുക്ത പരിശോധനയ്ക്ക് കാടുകയറി. കാട്ടാനയുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് എത്തിയത് മലയ്ക്ക് അപ്പുറം നോട്ടക്കാരില്ലാതെ കിടക്കുന്ന കൃഷി സ്ഥലത്ത്. തിരച്ചിലില്‍ വലിയ കന്നാസുകളിലും കുഴികുത്തി പ്ളാസ്റ്റിക് ഷീറ്റ് വിരിച്ചും വാഷ് സൂക്ഷിച്ചിരിക്കുന്നത് കണ്ടു. 700 ലീറ്റര്‍ വാഷ് ഉണ്ടായിരുന്നു. കുഴിയിലെ വാഷാണ് ആന അകത്താക്കിയത്. മുഴുവനും ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല. കെട്ടുവിട്ട ആന പതിയെ കാട്ടിലേക്കു കയറി.

a boozy elephant gives hint to police excise

More Stories from this section

family-dental
witywide