
തെറ്റ് തിരുത്തിയാൽ കണ്ണൂരിൽ പാർട്ടി വിട്ടുപോയ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും സിപഎമ്മിലേക്ക് മടങ്ങിവരുന്നതിൽ തടസ്സമില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റെ വാദം പൂർണ്ണമായും തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എം വി ജയരാജന്റേത് പാർട്ടി നേതൃത്വത്തിന്റെ നിലപാടല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോരുത്തരും ഓരോ ചാനലിൽ സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ലെന്നും പാർട്ടിയുടെ ഭാഗമായല്ല ജയരാജൻ സംസാരിച്ചതെന്നും തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ഗോവിന്ദൻ തുറന്നടിച്ചു.
പൊതുവെ തെറ്റു തിരുത്തിയാൽ ആരെയും പാർട്ടിയിലേക്ക് തിരിച്ചെടുക്കാറുള്ളതാണെന്നും എന്നാൽ വർഗ്ഗ വഞ്ചനയെന്ന തെറ്റാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നും ഗോവിന്ദൻ ഓർമ്മിപ്പിച്ചു. ജി സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണ്. തെരഞ്ഞെടുപ്പിൽ വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണെന്നും അവരെ രാഷ്ട്രീയമായി വിമർശിക്കുന്നത് പാർട്ടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിപിഎമ്മിനുള്ളിൽ കടുത്ത വിഭാഗീയതയും നേതൃത്വത്തിനെതിരെ എതിർചേരിയും രൂപപ്പെടുന്നുണ്ടെന്ന മാധ്യമ വാർത്തകൾ അസംബന്ധമാണെന്ന് പറഞ്ഞ് അദ്ദേഹം തള്ളി.
പാർട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയ എം വി രാഘവനെ വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ടെന്നും, നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ആരെയും ഒറ്റപ്പെടുത്തില്ലെന്നുമായിരുന്നു എം വി ജയരാജൻ കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. പയ്യന്നൂരിൽ പാർട്ടി സ്ഥാനാർത്ഥിയെ മാറ്റിയിരുന്നെങ്കിൽ ജയിക്കുമായിരുന്നുവെന്നും ജയരാജൻ പറഞ്ഞിരുന്നു. എന്നാൽ താൻ ചെയ്ത തെറ്റ് എന്തെന്ന് ജയരാജൻ വ്യക്തമാക്കട്ടെ എന്നായിരുന്നു ഇതിനോടുള്ള വി കുഞ്ഞികൃഷ്ണന്റെ പ്രതികരണം. താൻ ഉന്നയിച്ച കാര്യങ്ങൾ പാർട്ടി ഒടുവിൽ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
‘Jayarajan’s stance not that of party leadership’, MV Govindan rejects claims, brands rebels as class traitors









