‘റമ്പാന്‍’; മോഹന്‍ലാലിന്റെ മകളായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി

മകളുടേയും അച്ഛന്റേയും കഥ പറയുന്ന ചിത്രം റമ്പാനിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുകയാണ് ബിന്ദു പണിക്കരുടെ മകള്‍ കല്യാണി ബി നായര്‍. മോഹന്‍ലാല്‍-ജോഷി ചിത്രം റമ്പാന്റെ തിരക്കഥ ഒരുക്കുന്നത് ചെമ്പന്‍ വിനോദ് ആണ്. ‘എല്ലാ വിധി തരികിടകളുമായി ചെറുപ്പത്തില്‍ ജീവിച്ച്, വളര്‍ന്നപ്പോള്‍ നന്നായ ഒരാളാണ് റമ്പാനെന്ന് തല്‍ക്കാലം കരുതാം. റമ്പാന്‍ എന്നു പറയുന്ന കഥാപാത്രത്തിനെപ്പോലെ തന്നെ കയ്യിലിരിപ്പുള്ള ഒരു മകളുണ്ട് സിനിമയില്‍. മകളുടെയും അപ്പന്റെയും കഥയാണ് റമ്പാന്‍’ എന്ന് ചെമ്പന്‍ വിനോദ് പറഞ്ഞു.

ചിത്രത്തിലേക്ക് ഒരു പുതിയമുഖം വേണമെന്നൊരു ഐഡിയ ആദ്യം തന്നെ ഉണ്ടായിരുന്നു. കുറേപ്പെരെ അതിനായി അന്വേഷിച്ചു. നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട സായികുമാറിന്റെയും ബിന്ദു പണിക്കരിന്റെയും മകള്‍ കല്യാണിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്’ എന്നും ചെമ്പന്‍ വിനോദ് പറഞ്ഞു. ‘ഇത്ര വലിയൊരു പ്ലാറ്റ്ഫോം തന്നതിന് എല്ലാവര്‍ക്കും നന്ദിയെന്നാണ് കല്യാണി പ്രതികരിച്ചത്. ഒരു മിനിറ്റെങ്കിലും മോഹന്‍ലാലിന്റെ മകളായി അഭിനയിക്കുക, എന്നത് സ്വപ്നമാണ്. ആത്മവിശ്വാസമുണ്ട്, എല്ലാം നന്നായി വരുമെന്നാണ് വിശ്വസിക്കുന്നത്. ലാലേട്ടനൊപ്പം ഒരു സജഷന്‍ ഷോട്ട് കിട്ടുക എന്നത് തന്നെ എല്ലാവരുടയും സ്വപ്നമാണ്’ എന്നും കല്യാണി പറഞ്ഞു.

ജോഷിയുമായി ഒരു സിനിമ ചെയ്യുക എന്നത് വളരെ അധികം സന്തോഷമുള്ള കാര്യമാണെന്ന് മോഹന്‍ലാലും പറഞ്ഞു. എപ്പോഴും ഒരു സിനിമ തുടങ്ങുമ്പോള്‍, അത് എറ്റവും വലിയ സിനിമ ആകണമെന്ന് പ്രാര്‍ത്ഥിക്കും. അതുപോലെ തന്നെയാണ് റമ്പാനും. ജോഷി സാറുമായി ഒരു സിനിമ ചെയ്യുക എന്ന് പറയുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണ്. എനിക്ക് മാത്രമല്ല എല്ലാ അഭിനേതാക്കള്‍ക്കും. ഒരുപാട് നല്ല സിനിമകള്‍ എനിക്ക് അദ്ദേഹവുമായി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല പുറത്തും ഷൂട്ട് ചെയ്യേണ്ട സിനിമയാണ് റമ്പാന്‍. ഇന്ത്യയില്‍ നിന്നും തുടങ്ങുന്ന സിനിമയുടെ ഒരു വലിയ ഭാഗം യുഎസില്‍ ആണ് നടക്കുന്നത്. വലിയൊരു പ്രൊഡക്ഷന്‍ ആണിത്. വളരെയധികം സൂക്ഷിച്ച് ചെയ്യേണ്ട സിനിമ. ആക്ഷന് പ്രാധാന്യം ഉള്ള സിനിമയാണ്.’ മോഹന്‍ലാല്‍ പറഞ്ഞു.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അടുത്ത വര്‍ഷമാണ് ചിത്രീകരണം ആരംഭിക്കുക. വിഷു റിലീസ് ആയി റമ്പാന്‍ പ്രേക്ഷകര്‍ക്കു മുന്‍പിലെത്തും. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുക. ചെമ്പോസ്‌കി മോഷന്‍ പിക്ചേര്‍സ്, എയ്ന്‍സ്റ്റീന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് ചേര്‍ന്നാണ് നിര്‍മാണം.

More Stories from this section

family-dental
witywide