ന്യൂഡൽഹി: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടൻ മമ്മൂട്ടി. യുവജനങ്ങളാണ് രാജ്യത്തിന്റെ യഥാർഥ സമ്പത്തെന്നും അവരുടെ ശബ്ദം കേൾക്കുകയും അവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. കലാ-സാംസ്കാരിക, കായിക രംഗങ്ങളിലെ നിരവധി പ്രമുഖർ നേരത്തെ തന്നെ പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
നൂറുകണക്കിന് ആളുകളാണ് ജന്തർ മന്തറിലെ പ്രതിഷേധവേദിയിൽ നേരിട്ടെത്തിയും സമൂഹമാധ്യമങ്ങളിലൂടെയും സമരക്കാരുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ കൂടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അണിചേർന്നതോടെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം വലിയ രീതിയിൽ കനത്തിരിക്കുകയാണ്. സമരം അടിച്ചമർത്താൻ പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും വിദ്യാർഥികൾ പ്രതിഷേധവുമായി മുന്നോട്ടുപോവുകയാണ്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർഥികൾക്കെതിരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപക സമരം നടത്താൻ സി.ജെ.പി ആഹ്വാനം ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയാണ് സംഘടന പ്രക്ഷോഭം കൂടുതൽ ശക്തമാക്കുന്നത്.
‘Listen to Youth’s Voice’: Mammootty Backs Student Protest over NEET Row, CJP Calls for Nationwide Strike Tomorrow











