
ചെന്നൈ: നടൻ വിജയ് സംഘടിപ്പിച്ച ജനനായകന്‍ സിനിമയുടെ പ്രത്യേക പ്രദർശനത്തിൽ തമിഴ്‌നാട് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തതായി റിപ്പോർട്ട്. ചെന്നൈയിൽ വച്ച് നടന്ന പ്രദർശനത്തിൽ സർക്കാർ ജീവനക്കാർക്ക് പുറമെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള പ്രമുഖ ഉദ്യോഗസ്ഥരുടെ സാന്നിധ്യമാണ് ചടങ്ങിനെ കൂടുതൽ ശ്രദ്ധേയമാക്കിയത്. സാധാരണ സിനിമാ പ്രിവ്യൂകളിൽ നിന്ന് വ്യത്യസ്തമായി, പ്രമുഖ ഭരണനിർവഹണ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം കൊണ്ട് ഈ സ്ക്രീനിംഗ് രാഷ്ട്രീയ-സിനിമാ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
അതേസമയം, തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനായ വിജയ്യുടെ ‘ജനനായകൻ’ ആദ്യദിനം തന്നെ തീയേറ്ററിലെത്തി കണ്ട് വികാരാധീനരായി പാർട്ടി നേതാക്കളും സമൂഹമാധ്യമങ്ങളില്‍ കുറിപ്പുമായി എത്തിയിട്ടുണ്ട്. ടി.വി.കെ ജനറൽ സെക്രട്ടറി ബുസി ആനന്ദ്, നേതാവ് അരുൺരാജ് എന്നിവർ ചെന്നൈയിലെ പ്രശസ്തമായ രോഹിണി തിയേറ്ററിലാണ് സിനിമ കണ്ടത്. സിനിമ കണ്ടതിന് ശേഷം ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അരുൺരാജ് സോഷ്യൽ മീഡിയയായ എക്സിൽ കുറിച്ച കുറിപ്പ് ഇപ്പോൾ തമിഴ്‌നാട്ടിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.
തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി വെള്ളിത്തിരയിൽ കാണുന്നതിന്റെ കണ്ണീരും അഭിമാനവും നിറഞ്ഞ നിമിഷങ്ങളായിരുന്നു തിയേറ്ററിലെന്ന് അരുൺരാജ് കുറിച്ചു.
അരുൺരാജിന്റെ കുറിപ്പിൽ നിന്ന്:
“‘ജനനായകന്റെ’ ആദ്യ ഷോ കണ്ണീരിന്റെയും അഭിമാനത്തിന്റെയും ആർപ്പുവിളികളുടെയും അണപൊട്ടിയൊഴുകിയ കടലായിരുന്നു. ഞങ്ങളുടെ ‘ദളപതി’ക്കായി പുറത്ത് അന്തരീക്ഷം തന്നെ ഇരമ്പിയാർക്കുകയാണ്. അവസാനമായി ഒരിക്കൽ കൂടി ഞങ്ങളുടെ നേതാവിനെ ബിഗ് സ്‌ക്രീനിൽ കാണുമ്പോൾ നെഞ്ച് തകരുന്നുണ്ട്, എങ്കിലും മനസ്സിൽ അളവറ്റ അഭിമാനം നിറയുന്നു. നിറഞ്ഞ സദസ്സിലെ ഓരോ വിസിലടിയും കണ്ണീർത്തുള്ളിയും ഹൃദയമിടിപ്പും ഞങ്ങളും നേതാവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ തെളിവാണ്.
ഇതൊരു വെറും സിനിമാറ്റിക് വിടവാങ്ങലല്ല; രക്തത്തിലും കൂറിലും എഴുതപ്പെട്ട ശക്തമായ ഒരു വികാരമാണ്. ഞങ്ങളുടെ ക്യാപ്റ്റന്റെ വെള്ളിത്തിരയിലെ അവസാന ഗർജ്ജനം, ഇനി ജനങ്ങൾക്കായുള്ള തടുക്കാനാവാത്ത ഒരു വലിയ മുന്നേറ്റമായി മാറിയിരിക്കുകയാണ്. ഞങ്ങളുടെ നേതാവിന് ദീർഘായുസ്സ് നേരുന്നു.”
വിജയ് പൂർണ്ണസമയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി എത്തിയ അവസാന ചിത്രമാണ് എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജനനായകൻ’. ചിത്രം തിയേറ്ററുകളിലെത്തിയതോടെ തമിഴ്‌നാട്ടിലുടനീളം വലിയ ആഘോഷങ്ങളാണ് ആരാധകരും ടി.വി.കെ പ്രവർത്തകരും സംഘടിപ്പിക്കുന്നത്.
No ordinary preview; Tamil Nadu Secretariat staff and IAS officers come to watch ‘Jananayakan’, Vijay surprises the film world













