ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ മലയാള ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാനും ആസിഫ് അലിയും രംഗത്തെത്തി. സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഭരണകൂടം കേൾക്കണമെന്നും അവരോട് അനുകമ്പയോടെ പെരുമാറണമെന്നും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. പരീക്ഷാ ചോർച്ചയും അതിനെത്തുടർന്നുള്ള ആശങ്കകളും കാരണം വിദ്യാർത്ഥികൾ ജീവനൊടുക്കുന്നത് കടുത്ത വേദനയുണ്ടാക്കുന്നുണ്ടെന്ന് ദുൽഖർ സൽമാർ കുറിച്ചു.
നിൽക്കൂ, കേൾക്കൂ, മനസ്സിലാക്കൂ എന്ന് ഭരണകൂടത്തെ ഓർമ്മിപ്പിച്ച ദുൽഖർ, വലിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള ഈ മനുഷ്യർ കരുണയും ബഹുമാനവും അർഹിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഭാവി തലമുറയുടെ ആശങ്കകൾ കണ്ടില്ലെന്ന് നടിക്കരുതെന്നും വിഷയം അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നടൻ ആസിഫ് അലിയും രംഗത്തെത്തിയത്.
സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പറയാനുള്ളത് കേൾക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് ആസിഫ് അലി അഭിപ്രായപ്പെട്ടു. നീതിക്കായി പോരാടുന്ന വിദ്യാർത്ഥികൾക്കൊപ്പം അണിചേരുക എന്നത് പൊതുസമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സി.ജെ.പി പ്രക്ഷോഭത്തിന് സാംസ്കാരിക-സിനിമാ രംഗങ്ങളിൽ നിന്നും പിന്തുണയേറുന്നത് സമരത്തിന് കൂടുതൽ ഊർജ്ജം പകരുകയാണ്.
Dulquer Salmaan and Asif Ali Support CJP Protest: Urge Government to Listen to Students












