അംബേദ്കര്‍ ഒരു പട്ടികജാതിക്കാരന്‍, ഭരണഘടന തയ്യാറാക്കിയതില്‍ ഗുമസ്തന്റെ പങ്ക്; അധിക്ഷേപ പരാമര്‍ശത്തില്‍ ആര്‍എസ്എസ് ചിന്തകന്‍ ആര്‍ബിവിഎസ് മണിയന്‍ അറസ്റ്റില്‍

ചെന്നൈ: ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറെ അപമാനിച്ച ആര്‍ എസ് എസ് ചിന്തകന്‍ ആര്‍ ബി വി എസ് മണിയന്‍ പൊലീസ് പിടിയില്‍. അംബേദ്കര്‍ ഒരു പട്ടികജാതിക്കാരന്‍ മാത്രമാണെന്നും ഭരണഘടന ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവര്‍ക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമര്‍ശം.

തമിഴ്നാട്ടിലെ ആധ്യാത്മികപ്രഭാഷകനും വിശ്വഹിന്ദുപരിഷത്ത് നേതാവുമായ ഇയാളെ ചെന്നൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാതിമേല്‍ക്കോയ്മയുടെ മഹത്ത്വം വിവരിച്ച് മണിയന്‍ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നത്.

ഭരണഘടന തയ്യാറാക്കുന്നതിനുള്ള സമിതിയുടെ അധ്യക്ഷന്‍ രാജേന്ദ്രപ്രസാദായിരുന്നു. അതില്‍ ഒരു ഗുമസ്തന്റെ പണിമാത്രമാണ് ടൈപ്പിസ്റ്റായ അംബേദ്കറെടുത്തതെന്നും മണിയന്‍ അധിക്ഷേപിച്ചിരുന്നു. ‘ഭരണഘടനയ്ക്ക് വേണ്ടി സംഭാവന ചെയ്ത വ്യക്തിയായി അംബേദ്ക്കറിനെ കാണരുത്. പട്ടികജാതി സമുദായക്കാരനായി മാത്രമേ അംബേദ്ക്കറിനെ കാണാന്‍ പാടുള്ളു. ഭരണഘടനയില്‍ അദ്ദേഹത്തിന് യാതൊരു പങ്കുമല്ല.

അംബേദ്കര്‍ ഒരു പട്ടികജാതിക്കാരന്‍ മാത്രമാണ്. പലരും നടത്തിയ പ്രസംഗങ്ങള്‍ പകര്‍ത്തിയെഴുതുമ്പോള്‍ തെറ്റുവരാതെ നോക്കുക എന്നതായിരുന്നു അംബേദ്കറുടെ ജോലി. തമിഴ്നാട്ടിലെ വിസികെ നേതാവ് തിരുമാവളവന്‍ താന്‍ അംബേദ്കറുടെയാളാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇരുവരും രണ്ട് ജാതിക്കാരാണ്. രണ്ടുപേരുടെയും ജാതി എടുത്തുപറഞ്ഞുകൊണ്ട് മണിയന്‍ പ്രസംഗത്തില്‍ പറയുന്നു.

തമിഴ്ജനത ആരാധിക്കുന്ന തിരുവള്ളുവര്‍ ജീവിച്ചിരുന്നിട്ടേയില്ലെന്നും ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവായ മണിയന്‍ പറയുന്നുണ്ട്. ഇന്ത്യയെ രക്ഷിക്കാന്‍ നരേന്ദ്രമോദിക്കും ബിജെപിക്കും മാത്രമേ കഴിയുകയുള്ളൂവെന്നും മണിയന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

More Stories from this section

family-dental
witywide