ഗാസയിൽ മരണ നൃത്തം; സമാധാനം ദൂരെ… മരണം 4651 കടന്നു, ആക്രമണം ശക്തമാക്കാൻ ഇസ്രയേൽ

ഗാസ: പലസ്തീനിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ഉടൻ തന്നെ കരയുദ്ധം ഉണ്ടായേക്കും. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4651 പേരായി. 14,245 പേർക്ക്‌ പരിക്കേറ്റു.വടക്കൻ ഗാസയിലെ 11 ലക്ഷം പേരിൽ ഏഴുലക്ഷംപേർ പലായനം ചെയ്തതായാണ്‌ റിപ്പോർട്ട്‌.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ അധ്യക്ഷതയിൽ യുദ്ധ മന്ത്രിസഭ വീണ്ടും യോഗം ചേർന്നിരുന്നു.  ആശുപത്രികളിൽ ചികിത്സയിലുള്ളവരടക്കം വടക്കൻ ഗാസയിലെ ജനങ്ങൾ പൂർണമായും പ്രദേശം വിട്ടുപോകണം എന്ന് ഇസ്രയേൽ സൈന്യം ആവർത്തിച്ചു. വടക്കൻ പ്രദേശത്ത്‌ ഇനിയും തുടരുന്നവരെ ഹമാസായി കണക്കാക്കുമെന്ന ഭീഷണി വരാനിരിക്കുന്ന കൊടും ആക്രമണങ്ങളുടെ മുന്നറിയിപ്പാണ്‌.

എന്നാൽ വടക്കൻ ഗാസ വിട്ടുപോകുന്നവർക്ക് നേരെയും ആക്രമണം ഉണ്ടാകുന്നതായി മാധ്യമറിപ്പോർട്ടുകളുണ്ട്. അഭയാർഥികൾ തിങ്ങിനിറഞ്ഞ ആശുപത്രിയും ആരാധനാലയങ്ങളു മടക്കം ആക്രമിക്കപ്പെടുന്നുണ്ട്. ഞായറാഴ്ച ആക്രമിക്കപ്പെട്ട വെസ്‌റ്റ്‌ ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിലേത്‌ ഉൾപ്പെടെ, നിരവധി ആരാധനാലയങ്ങൾ ഇസ്രയേൽ തകർത്തു. ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനുള്ള കേന്ദ്രങ്ങളായി ഹമാസ്‌ ഇവയെ ഉപയോഗിക്കുന്നു എന്നാണ്‌ ഇസ്രയേലിൻ്റെ ആരോപണം.

ഹമാസിന്റെ ഭൂഗർഭപാതകളും ബങ്കറുകളും അധികമായുള്ളത്‌ ഗാസസിറ്റിയിലാണെന്നും അവിടേക്ക്‌ കൂടുതൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്നും ഇസ്രയേൽ സൈന്യം മുന്നറിയിപ്പ്‌ നൽകി. ഗാസയ്ക്കുപുറമേ വെസ്റ്റ്‌ ബാങ്കിലേക്കും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്‌ ഇസ്രയേൽ. യുദ്ധം ആരംഭിച്ചതുമുതൽ അവിടെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 90 കടന്നു. എഴുന്നൂറിലേറെപ്പേർ അറസ്റ്റിലായി.

ജീവനുവേണ്ടി പിടഞ്ഞ് പിഞ്ചു കുഞ്ഞുങ്ങൾ
ഗാസയിൽ മരുന്നുകളും ചികിത്സോപകരണങ്ങളും ഇന്ധനവും ഏതാണ്ട്‌ പൂർണമായും തീർന്നു. ഇന്ധനമില്ലാതെ ഇൻക്യുബേറ്ററുകളുടെയും പ്രവർത്തനം നിലയ്ക്കുന്നു. ഇൻക്യുബേറ്ററിലുള്ള 120 നവജാത ശിശുക്കളുടെ ജീവൻ അപകടത്തിലാണെന്ന്‌ യുനിസെഫ്‌ മുന്നറിയിപ്പ്‌ നൽകി. 70 കുഞ്ഞുങ്ങൾക്ക്‌ ശ്വാസം നിലനിർത്താൻ യന്ത്രസഹായം അനിവാര്യമാണ്‌. ഇതുവരെ യുദ്ധത്തിൽ 1750 കുട്ടികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്‌.

ഇന്ധനം കൊണ്ടുപോകാൻ അനുവദിച്ചില്ല

ഇസ്രയേലിന്റെ ഉപരോധം മൂലം വെള്ളം, ഭക്ഷണം, വൈദ്യുതി, ഇന്ധനം എന്നിവ ലഭിക്കാതെ വലയുകയാണ് ഗാസയിലെ 23 ലക്ഷം ജനങ്ങൾ. കഴിഞ്ഞ ദിവസം, 20 ട്രക്ക് സഹായം കടത്തിവിട്ടെങ്കിലും ആശുപത്രികളുടെയും ശുദ്ധജല പ്ലാന്റുകളുടെയും പ്രവർത്തനത്തിന് അത്യാവശ്യമായ ഇന്ധനം വിതരണം ചെയ്യാൻ ഇസ്രയേൽ അനുവദിച്ചിട്ടില്ല. ഇന്ധനം കൊണ്ടു പോകുന്നില്ല എന്ന് ഉറപ്പാക്കാൻ സഹായവുമായ പോകുന്ന ട്രക്കുകൾ പരിശോധിച്ച ശേഷമേ ഇസ്രയേൽ കടന്നു പോകാൻ അനുവദിച്ചിട്ടുള്ളു.

ഇസ്രയേലിന് കൂടുതൽ യുഎസ് സഹായം

അതേസമയം, കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പശ്ചിമേഷ്യയിലേക്ക് എത്തിക്കുമെന്ന് അമേരിക്ക പറഞ്ഞു. താട് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ടെർമിനൽ ഹൈ അൾട്ടിട്യൂഡ് ഏരിയ ഡിഫെൻസ് സംവിധാനം, പാട്രിയോട്ട് എയർ ഡിഫെൻസ് മിസൈൽ എന്നിവയ്‌ക്കൊപ്പം കൂടുതൽ സേനയെയും ഈ മേഖലയിൽ വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നു.

അമേരിക്കയുടെ നിഴൽ യുദ്ധമെന്ന് ഇറാൻ

ഗാസയിൽ നടക്കുന്നത്‌ അമേരിക്കയുടെ നിഴൽയുദ്ധമെന്ന്‌ ഇറാൻ വിദേശമന്ത്രി പറഞ്ഞു. ഇസ്രയേൽ എന്നപേരിൽ അമേരിക്കയാണ്‌ അടിച്ചമർത്തപ്പെട്ട പലസ്തീൻകാരെ ആക്രമിക്കുന്നത്‌. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന്റെ ടെൽ അവീവ്‌ സന്ദർശനവും ഇസ്രയേലിന്‌ യുദ്ധസഹായം എത്തിക്കുന്നതും ഇതിന്റെ തെളിവാണ്‌. ഗാസയിലേക്കുള്ള ബോംബാക്രമണം തുടർന്നാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നൽകി.

ഹമാസ് വ്യാജ പ്രചാരണം നടത്തുന്നെന്ന്
രണ്ട്‌ ബന്ദികളെക്കൂടി വിട്ടയക്കാമെന്ന വാഗ്‌ദാനം ഇസ്രയേൽ നിഷേധിച്ചെന്ന ഹമാസ്‌ വാദം വ്യാജപ്രചാരണമെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. അമേരിക്കക്കാരായ അമ്മയെയും മകളെയും വിട്ടയച്ചതിനുപുറമേ, രണ്ടുപേരെക്കൂടി മോചിപ്പിക്കാൻ സന്നദ്ധരാണെന്ന്‌ ഖത്തറിനെ അറിയിച്ചിരുന്നതായി ഹമാസ്‌ സായുധവിഭാഗം വക്താവ്‌ അബു ഉബൈദ ശനിയാഴ്ച പറഞ്ഞിരുന്നു. ഞായറാഴ്ച ഇവരെ വിട്ടയക്കാമെന്ന വാഗ്‌ദാനം ഇസ്രയേൽ സ്വീകരിച്ചില്ലെന്നും പറഞ്ഞു.

More Stories from this section

family-dental
witywide