
ഗാസ :ഒക്‌ടോബർ ഏഴിന് തുടങ്ങിയ ഹമാസ്–- ഇസ്രയേൽ യുദ്ധം കടുക്കുമ്പോൾ ഗാസ പൂർണമായി തകർച്ചയിലേക്ക്. ഇടക്കാല വെടിനിർത്തലിനുശേഷം തുടങ്ങിയ ആക്രമണത്തിൽ അഭയാർഥി ക്യാമ്പുകളും ആശുപത്രികളും വീണ്ടും ലക്ഷ്യമിടുന്നു. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥിക്യാമ്പിലുള്ള കമാൽ അദ്വാൻ ആശുപത്രി ഇസ്രയേൽ സൈന്യം വളഞ്ഞു. ഏഴായിരത്തോളംപേർ ഉള്ളിൽ കുടുങ്ങി. അൽ ഷിഫ ആശുപത്രി വളഞ്ഞാക്രമിച്ച് തകർത്തതിന്റെ ആവർത്തനമുണ്ടാകുമെന്ന ഭീതിയലാണ് ഇവിടെ അഭയം തേടിയവർ. ആശുപത്രിയിലേക്ക് വെടിവയ്‌പ്പും പീരങ്കിയാക്രമണവും ഉണ്ടായെന്ന് ആശുപത്രിയിലുള്ള ഗാസ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ മുനിർ അൽ ബുർഷ് പറഞ്ഞു.
തിങ്കളാഴ്‌ച രാത്രിയുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ 158 പേർ കൊല്ലപ്പെട്ടു. ഇതിൽ 108 പേർ കമാൽ അദ്വാൻ ആശുപത്രിക്ക് സമീപത്താണ് കൊല്ലപ്പെട്ടത്. ബിന്റാൻ അൽ-സമീനിൽ ഒരു മസ്‌ജിദ് തകർത്തതായും റിപ്പോർട്ടുണ്ട്. റെഡ് ക്രസന്റിന്റെ ആംബുലൻസുകൾ ഇസ്രയേൽ ആക്രമിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ഹമാസ് പ്രവർത്തകർ ഒളിച്ചിരിക്കുന്നുവെന്ന് ഇസ്രയേൽ ആരോപിക്കുന്ന ഗാസയിലെ തുരങ്കങ്ങളിൽ വെള്ളം നിറക്കാൻ സൈന്യം ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഖാൻ യൂനിസ്, റഫ നഗരങ്ങൾക്ക് ചുറ്റുമുള്ള പ്രദേശത്തിന്റെ തെക്ക് ഭാഗത്ത് ഇസ്രയേൽ ബോംബാക്രമണങ്ങൾ തുടരുകയാണ്. പ്രദേശത്തെ സ്ഥിതിഗതികൾ മണിക്കൂറുകൾ കഴിയുന്തോറും കൂടുതൽ വഷളാവുകയാണെന്ന് ഗാസയിലെ ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേലും ഹമാസുമായുള്ള മധ്യസ്ഥ ചർച്ചകൾ തുടരുകയാണെന്ന് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി അറിയിച്ചു.
ആക്രമണത്തിന്റെ ആദ്യ സമയങ്ങളിൽ തെക്കൻ ഗാസ കൂടുതൽ സുരക്ഷിതമായ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ തെക്കൻ ഗാസയിലാണ് ഇപ്പോൾ ഇസ്രയേൽ ആക്രമണം കനപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ അവസാനിച്ചതോടെ തെക്കന്‍ ഗാസയും വിട്ടുപോകണമെന്നാണ് ഇസ്രയേലിന്റെ നിര്‍ദേശം. ഗാസ മുനമ്പിൽ എവിടെയും ഇപ്പോൾ സുരക്ഷിത സ്ഥാനമില്ലെന്ന് വിവിധ സംഘടനകൾ ആശങ്ക ഉയർത്തിയിട്ടുണ്ട്.















