ഇരുട്ടില്‍ ഗാസ: വെള്ളമില്ല, ഭക്ഷണമില്ല, മരുന്നില്ല, എണ്ണിയാല്‍ ഒടുങ്ങാത്ത മരണക്കണക്ക്

ജറുസലം: ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതോടെ ഗാസയിലെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ ദുരിതത്തില്‍. ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ല. ആവശ്യത്തിന് മരുന്നോ വൈദ്യ സഹായമോ ഇല്ല. ഏക വൈദ്യുതി നിലയം ഇന്ധനമില്ലാതെ അടച്ചുപൂട്ടിയതോടെ ഗാസ ഇരുട്ടിലായി. 23 ലക്ഷം പലസ്തീന്‍കാരുടെ ജീവിതം നിശ്ചലമായി.

ആയിരങ്ങളാണ് ഗാസയിലെ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്. ഗാസയിലേക്കുള്ള വെള്ളം- ഭക്ഷണം- വൈദ്യുതി- ഇന്ധനം എന്നിവയുടെ വിതരണത്തിന് തിങ്കളാഴ്ച മുതല്ഇ‍സ്രയേൽ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് കാര്യങ്ങൾ സങ്കീര്‍ണമായത്. ഇതോടെ ഗാസയിലെ ആശുപത്രികൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.

ഗാസയില്‍ 1.8 ലക്ഷം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. ഗാസയിലെ 22,600 വീടുകളും 10 ആശുപത്രികളും 48 സ്കൂളുകളും ഇസ്രയേല്‍ തകര്‍ത്തു. ഗാസയിലെ ഇസ്ലാമിക് സര്‍വകലാശാലയിലും ഇസ്രയേല്‍ ബോംബിട്ടു . ക്യാംപസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.

രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് ഇത്തരത്തിൽ ആക്രമണങ്ങളുടെ കെടുതികൾക്കും ഇല്ലായ്മകളുടെ ദുരിതത്തിലും അകപ്പെട്ട് ജീവിതം തള്ളിനീക്കുന്നത്. ആക്രമണവും പ്രത്യാക്രമണവും ആരംഭിച്ചതിന് ശേഷം സൂപ്പർമാർക്കറ്റുകളിൽ ലഭിക്കുന്ന സംസ്‌കരിച്ച് ടിന്നിലടച്ച ഭക്ഷണങ്ങളെയാണ് ഗാസയിലെ മനുഷ്യർ ആശ്രയിച്ചിരുന്നത്. വൈദ്യുതി ഇല്ലാതായതോടെ അവ സൂക്ഷിച്ചുവയ്ക്കാനുള്ള സംവിധാനങ്ങളും തകരാറിലായി. ഇനി കുറച്ച് മണിക്കൂറുകൾ കൂടിയേ ഇവ കേടുകൂടാതെ നിലനിൽക്കുവെന്ന അവസ്ഥയാണ്. അങ്ങനെകൂടി ഉണ്ടായാൽ പട്ടിണിമൂലം ആളുകൾ മരിക്കുന്ന, ഒരു മനുഷ്യനിർമിത ദുരന്തത്തിലേക്കാകും ഗാസ ചെന്നെത്തുക.

ആശയവിനിമയ സംവിധാനങ്ങളും തകരാറിലായതോടെ മാനുഷിക സഹായങ്ങൾ എത്തിക്കാനോ അടിയന്തര ആവശ്യങ്ങൾക്ക് അധികൃതരെ ബന്ധപ്പെടാനോ സാധിക്കാത്ത ദുരവവസ്ഥയും മുനമ്പിൽ നിലനിൽക്കുന്നു. മാധ്യമപ്രവർത്തകരെ പോലും ഇത് പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഫോണുകളിലും ലാപ്ടോപ്പുകളിലും ചാർജില്ലാതെ വരുന്നതുമൂലം പുറത്തേക്ക് ബന്ധപ്പെടാൻ ഗാസയിൽ നിന്നുള്ള റിപ്പോട്ടർമാർക്ക് സാധിക്കുന്നില്ല.

ആക്രമണങ്ങൾ തുടരുന്ന ഗാസയിൽ ഇതുവരെ 1100 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേലിലെ മരണസംഖ്യ 1200 പിന്നിട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. 1500 ഹമാസ് ഭീകരരെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

സംഘർഷം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ ശ്രമം നടത്തുന്നുണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. അതേസമയം, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ഇസ്രയേലിലെത്തും.

Gaza sinks into darkness, deaths everywhere, no food , water, medicine

More Stories from this section

family-dental
witywide