
തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കനത്ത പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ സെമിനാറില്‍ പങ്കെടുക്കും. സനാതന ധര്‍മ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംഘടിപ്പിക്കുന്ന സെമിനാര്‍ വൈകിട്ട് മൂന്നരയ്ക്കാണ് നടക്കുക. സെമിനാറില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ മൂന്നു ദിവസമായി ഗവര്‍ണര്‍ യൂണിവേഴ്‌സിറ്റി ക്യാംപസിലുണ്ട്. ഗവര്‍ണറെ ക്യാംപസിനകത്തേക്ക് കയറ്റില്ലെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐയെ വെല്ലുവിളിച്ചാണ് ഗവര്‍ണര്‍ യൂണിവേണ്‌സിറ്റി ഗസ്റ്റ്ഹൗസില്‍ താമസിക്കുന്നത്.
കഴിഞ്ഞ ദിവസം എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനറുകള്‍ പൊലീസിനെ ഉപയോഗിച്ച് ഗവര്‍ണന്‍ ആരിഫ് മുഹമ്മദ് ഖാന്‍ നീക്കം ചെയ്തിരുന്നു. ബാനറുകള്‍ നീക്കം ചെയ്യാത്തതില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ മലപ്പുറം എസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് രൂക്ഷമായാണ് പ്രതികരിച്ചത്. ക്യാമ്പസില്‍ പ്രകടനവുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വീണ്ടും ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തി. വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ഗവര്‍ണര്‍ക്കെതിരെ തലസ്ഥാനത്തും എസ്എഫ്‌ഐ കറുത്ത ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്. ‘മിസ്റ്റര്‍ ചാന്‍സിലര്‍ നിങ്ങളുടെ വിധേയത്വം സര്‍വ്വകലാശാലയോടായിരിക്കണം സംഘപരിവാറിനോടാവരുത്’ എന്നാണ് സംസ്‌കൃത സര്‍വകലാശാലയ്ക്ക് മുന്‍പില്‍ കറുത്ത ബാനര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഗവര്‍ണര്‍ ഇന്ന് രാത്രി തലസ്ഥാനത്ത് തിരിച്ചെത്തുന്ന സാഹചര്യത്തിലാണ് ഇവിടേയും ബാനര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഗവര്‍ണര്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. രാജ് ഭവന് മുന്നിലടക്കം സുരക്ഷ കൂട്ടിയിട്ടുണ്ട്. എയര്‍പോര്‍ട്ട് മുതല്‍ രാജ്ഭവന്‍ വരെ പലയിടത്തും ബാരിക്കേഡ് ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്.











