
ചെന്നൈ: നടി ഗൗതമി ബിജെപി അംഗത്വം രാജിവെച്ചു. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്. തന്റെ സ്വത്തും സമ്പാദ്യവും തട്ടിയെടുത്തയാളെ പാര്‍ട്ടി നേതാക്കള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി.
‘വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. എന്നാൽ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കൾ തട്ടിയെടുത്ത വ്യക്തിയെ പാർട്ടി അംഗങ്ങൾ പിന്തുണച്ചു,’ രാജിക്കത്തിൽ ഗൗതമി ആരോപിച്ചു.
അനാഥയും ഒരു കുട്ടിയുടെ ഏക രക്ഷിതാവുമായ തന്നെ 20 വര്‍ഷം മുമ്പ് സമീപിച്ച അഴഗപ്പന്‍ വിശ്വാസ വഞ്ചന നടത്തി സ്വത്തുക്കള്‍ തട്ടിയെടുത്തുവെന്നാണ് രാജിക്കത്തിലെ ആരോപണം. ഇതിനെതിരെ നിയമപ്പോരാട്ടത്തിനിറങ്ങിയപ്പോള്‍ പാര്‍ട്ടി തന്നെ പിന്തുണച്ചില്ലെന്ന് മാത്രമല്ല, അഴഗപ്പനൊപ്പം നില്‍ക്കുകയാണ് ഉണ്ടായതെന്ന് ഗൗതമി ആരോപിക്കുന്നു.
രാജപാളയം നിയമസഭാ മണ്ഡലത്തിൽ സീറ്റ് നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ചതായും ഗൗതമി ആരോപിച്ചു. പണം തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് നീതി ലഭിക്കുന്ന കാര്യത്തിൽ തമിഴ്നാട് സർക്കാരിൽ വിശ്വാസമർപ്പിക്കുന്നതായും ഗൗതമി വ്യക്തമാക്കി. 25 വർഷം മുമ്പാണ് ഗൗതമി ബിജെപിയിൽ ചേർന്നത്.
നീതിക്കുവേണ്ടിയും മകളുടെ ഭാവിക്കുവേണ്ടിയും, ഏകരക്ഷിതാവെന്ന നിലയിലും ഒറ്റയ്ക്കായ സ്ത്രീയെന്ന നിലയിലുമുള്ള പോരാട്ടമാണ് താൻ നടത്തുന്നതെന്നും കത്തില്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു.














