ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിട്ട സുഷ്‌മിത ദേവ്, സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരായ്ക് എന്നി മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിൻ്റെ പരാജയത്തിന് പിന്നാലെയാണ് ഇവർ രാജ്യസഭയിൽനിന്നും പാർട്ടിയിൽനിന്നും രാജിവെച്ചത്.
കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ വെച്ചാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്. സാൾട്ട് ലേക്കിലെ ബിജെപി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ നേതാക്കളെ പാർട്ടി പതാക നൽകി സ്വീകരിച്ചു. മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.
അതേസമയം, സുഖേന്ദു ശേഖർ റേയുടെയും പ്രകാശ് ബരായ്ക്കിന്റെയും രാജ്യസഭ കാലാവധി 2029 സെപ്റ്റംബർ വരെയും സുഷ്‌മിത ദേവിന്റേത് 2030 ഏപ്രിൽ വരെയുമായിരുന്നു. കാലാവധി പൂർത്തിയാക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെയാണ് തൃണമൂൽ വിട്ട് ഇവർ ബിജെപിയിലേക്ക് ചേക്കേറിയത്.
ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലായ് 24-ന് നടക്കും. ഈ മൂന്ന് സീറ്റുകളിലും ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 294 അംഗ സഭയിൽ 208 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ കക്ഷിയായപ്പോൾ തൃണമൂലിന് 80 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
ഇതിനുപിന്നാലെ തൃണമൂൽ കോൺഗ്രസിൽ മമത ബാനർജി പക്ഷമെന്നും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി പക്ഷമെന്നും രണ്ട് പക്ഷമായി എംഎൽഎമാർ തിരിഞ്ഞു. നിലവിൽ 65 എം.എൽ.എമാർ ഋതബ്രത പക്ഷത്തും 15 പേർ മമത ബാനർജി പക്ഷത്തുമാണ് ഉള്ളത്..












