കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന് ജയിലിനുള്ളിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. നാളെ രാവിലെ 11 മണിക്ക് ജയിൽ വളപ്പിൽ വെച്ചായിരിക്കും ചടങ്ങുകൾ നടക്കുക. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 കൗൺസിലർമാരിൽ ഒരാളായ സുഗതന്, ജയിലിലായതിനാലാണ് കോർപ്പറേഷനിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാതിരുന്നത്. സുഗതൻ കൊടും ക്രിമിനലാണെന്നും പുറത്തുവിടാൻ കഴിയില്ലെന്നും സർക്കാർ വാദിച്ചെങ്കിലും, ജനവിധി മാനിച്ചുകൊണ്ട് ജയിലിനുള്ളിൽ വെച്ച് ചടങ്ങ് നടത്താൻ കോടതി ഉത്തരവിടുകയായിരുന്നു.
തിരുവനന്തപുരം മേയർ വി.വി. രാജേഷ് അടക്കമുള്ളവർ വിയ്യൂർ ജയിലിലെത്തിയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാക്കുക. ജയിൽ സൂപ്രണ്ട് നിശ്ചയിക്കുന്ന സ്ഥലത്ത് നടക്കുന്ന ചടങ്ങിൽ മിനിമം ഉദ്യോഗസ്ഥർക്കും അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്കും മാത്രമായിരിക്കും പ്രവേശനം. തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിൽ നേരിയ ഭൂരിപക്ഷമുള്ള ബി.ജെ.പിക്ക് കൗൺസിലറുടെ അംഗത്വം നിലനിർത്താനായത് വലിയ രാഷ്ട്രീയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ ജയിലിൽ കഴിയുന്നതിനാൽ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാനാകാത്തത് ഭാവിയിൽ തിരിച്ചടിയായേക്കാം.
അതേസമയം, കോടതി വിധി അംഗീകരിക്കുന്നുവെങ്കിലും ജയിലിൽ പോയി സത്യപ്രതിജ്ഞ ചെയ്യുന്നത് ബി.ജെ.പിക്ക് വലിയ അപമാനമാണെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥൻ വിമർശിച്ചു. മേയർ ഉൾപ്പെടെയുള്ളവർ പിൻവാതിലിലൂടെയാണ് ജയിലിലേക്ക് പോകുന്നതെന്നും, കൗൺസിൽ യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കാതെ ഭരണം മുന്നോട്ട് കൊണ്ടുപോകാനാണ് മേയർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
High Court Grants Permission for BJP Councillor R Sugathan to Take Oath in Viyyur Jail













