
ഗാസ: അപ്രതീക്ഷിതമായ ആക്രമണത്തിന് തിരിച്ചടി നല്‍കി ഇസ്രയേല്‍. ഹമാസിനെതിരായ ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഇതുവരെ ഇരുനൂറിലധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 1600ല്‍ അധികം പേര്‍ക്ക് പരുക്കേറ്റതായും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യാക്രമണത്തില്‍ ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായും ഇസ്രയേല്‍ അവകാശപ്പെട്ടു.
അതേസമയം ഹമാസിന്റെ ആക്രമണത്തില്‍ 40ല്‍ അധികം പേരാണ് ഇസ്രയേലില്‍ കൊല്ലപ്പെട്ടത്. അടുത്ത കാലത്ത് ഇസ്രയേലിനെതിരെ നടക്കുന്ന ഏറ്റവും കനത്ത ആക്രമണമാണിത്. ഹമാസിന്റെ ആയുധധാരികളായ പോരാളികള്‍ ഇസ്രയേല്‍ സൈനികരെയും സാധാരണക്കാരായ പൗരന്‍മാരെയും പിടിച്ചെടുത്ത സൈനിക വാഹനങ്ങളിലും ബൈക്കുകളിലും കയറ്റി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്നു രാവിലെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ഗാസ മുനമ്പില്‍നിന്ന് പെരുമഴ പോലെയാണ് റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് ചീറിയെത്തിയത്. 5000 റോക്കറ്റുകളാണ് ഇസ്രയേലിനെ ലക്ഷ്യം വച്ച് ഹമാസ് അയച്ചത്. തലസ്ഥാനമായ ടെല്‍ അവീവ് പരിസരങ്ങള്‍ വരെ റോക്കറ്റ് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധത്തിന് തയാറെന്ന് ഇസ്രയേല്‍ അറിയിച്ചത്. രാജ്യത്താകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നെതന്യാഹു എല്ലാവരും സജ്ജരായിരിക്കുവാന്‍ ആവശ്യപ്പെട്ടു. നമ്മള്‍ യുദ്ധത്തിലാണെന്നും ഈ യുദ്ധം നമ്മള്‍ ജയിക്കുകതന്നെ ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു. ഇതൊരു ചെറിയ ഓപറേഷന്‍ അല്ല, യുദ്ധമാണ്. ഈ ചെയ്തതിന് സമാനതകളില്ലാത്ത വില ഹമാസ് നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.















